ബാബരി കേസില്‍ അന്തിമവാദം ആറിന് തുടങ്ങും
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്ക പരിഹാരത്തിനായുള്ള മധ്യസ്ഥശ്രമം പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ കേസിലെ അന്തിമവാദം ഈ മാസം ആറിന് തുടങ്ങാന്‍ സുപ്രിംകോടതി തീരുമാനിച്ചു.
ഫയല്‍ ചെയ്ത മൂന്ന്, അഞ്ച് നമ്പര്‍ സൂട്ടുകളിലാണ് ആദ്യം വാദം തുടങ്ങുക. വിചാരണ തീരുംവരെ തുടര്‍ച്ചയായി എല്ലാ ദിവസവും വാദം കേള്‍ക്കും. മധ്യസ്ഥരായി നിയോഗിച്ച മുന്‍ സുപ്രിംകോടതി ജസ്റ്റിസ് ഖലീഫുല്ലയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ഇതോടെ ഔപചാരിക മധ്യസ്ഥശ്രമം അവസാനിപ്പിച്ചതായും കോടതി പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ച് എട്ടിനാണ് സുപ്രിംകോടതി ശ്രീ ശ്രീ രവിശങ്കര്‍, ശ്രീറാം പഞ്ചു എന്നിവര്‍ കൂടി അംഗങ്ങളായ മധ്യസ്ഥസമിതിയെ നിയോഗിച്ചത്. സമിതി പല തവണ ഫൈസാബാദിലും ഡല്‍ഹിയിലുമായി ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്നാണ് ദൗത്യം പരാജയപ്പെട്ടതായുള്ള അന്തിമ റിപ്പോര്‍ട്ട് സുപ്രിംകോടതിക്ക് നല്‍കിയത്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ വരുന്ന ഭൂമി മൂന്നായി പകുത്തുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരായ അപ്പീലാണ് സുപ്രിംകോടതിയുടെ പരിഗണനയ്ക്കുള്ളത്. ഈ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് കോടതി വാദം കേള്‍ക്കുക.
മുസ്‌ലിംപക്ഷത്തു നിന്ന് ഉത്തര്‍പ്രദേശ് സുന്നി വഖ്ഫ് ബോര്‍ഡ്, ഹിന്ദു പക്ഷത്ത് നിന്ന് നിര്‍മോഹി അഖാഢ, രാംലല്ല എന്നിവരാണ് കേസിലെ മൂന്ന് പ്രധാന കക്ഷികള്‍. ഇതുകൂടാതെ നിരവധി കക്ഷികളുടെ ഹരജികളും സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.
കേസിലെ പഴയ ഹരജിക്കാരനായ ഹിന്ദുമഹാസഭാ നേതാവ് ഗോപാല്‍ സിങ് വിശാരദിന്റെ ഹരജിയുടെ അടിസ്ഥാനത്തിലാണ് മധ്യസ്ഥര്‍ക്ക് നേരത്തെ നല്‍കിയ സമയം വെട്ടിക്കുറയ്ക്കാനും വേഗത്തില്‍ വാദം തുടങ്ങാനും സുപ്രിംകോടതി തീരുമാനിച്ചത്. എന്നാല്‍ ഇതിനെ മുസ്‌ലിംപക്ഷം എതിര്‍ത്തിരുന്നു.
ജസ്റ്റിസുമാരായ എസ്.എ ബോബ്‌ദെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റു അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."