കന്നുകാലി കശാപ്പു നിരോധനം; കാലിയായി കാലിച്ചന്തകള്‍
പാലക്കാട്: കന്നുകാലി ചന്തകളും കശാപ്പിനായുള്ള വില്‍പനയും നിരോധിച്ചതോടെ ബീഫിന് വില കുതിച്ചുയരുന്നു. വാണിയംകുളം ചന്തയില്‍ ഇന്നലെയെത്തിയത് പത്ത് ശതമാനത്തോളം മാത്രം കന്നുകള്‍. കഴിഞ്ഞ ആഴ്ച്ച വരെ 250 രൂപക്ക് വിറ്റിരുന്ന ബീഫിന് പലയിടത്തും ഒരാഴ്ച്ച കൊണ്ട് അമ്പത് രൂപ വര്‍ധിച്ചു.
കന്നുകാലികള്‍ അന്യസംസ്ഥാനത്തുനിന്നും വരാതായതോടെ ബീഫിനും ഇനിയും വില കയറുമെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ നില രണ്ടാഴ്ച്ച കൂടി നിന്നാല്‍ റമളാന്‍ മാസത്തില്‍ തന്നെ ബീഫിന് 500 രൂപയടുത്ത് വില വന്നേക്കുമെന്ന് ഇറച്ചി വ്യാപാരികള്‍ പറയുന്നു.
ചിലപ്പോള്‍ വരുന്ന പെരുന്നാളിന് ബീഫിന് പൊന്നും വില കൊടുത്താലും കിട്ടാത്ത അവസ്ഥയും വരും. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിയമം സംസ്ഥാനത്തിന് ബാധകമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെങ്കിലും അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള കന്നുകാലി വരവ് പത്ത് ശതമാനമായി ചുരുങ്ങി. കേരളത്തിലെ തന്നെ ഏറ്റവും വലിയ ചന്തയായ വാണിയംകുളത്ത് വ്യാഴാഴ്ച്ച നടന്ന ചന്തയില്‍ കഴിഞ്ഞയാഴ്ച്ചയിലെക്കാള്‍ തൊണ്ണൂറ് ശതമാനം കന്നുകാലികള്‍ കുറവായിരുന്നു.
കഴിഞ്ഞയാഴ്ച്ച കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിയമമൊന്നും ബാധകമല്ലാത്ത സമയത്തും തമിഴ്‌നാട്ടില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ എന്ന പേരിലുള്ള ഗുണ്ടാസംഘങ്ങള്‍ കേരളത്തിലേക്കുള്ള കന്നുകാലി വാഹനങ്ങള്‍ തടഞ്ഞ് തട്ടികൊണ്ടു പോകുന്നത് പതിവായിരുന്നു.
തട്ടിയെടുത്ത കന്നുകാലികള്‍ ഗോശാലകള്‍ എന്നു പറയുന്ന സ്ഥലങ്ങളിലെത്തിച്ച് ലക്ഷ കണക്കിന് രൂപ പിഴയെന്നും പറഞ്ഞ് ഈടാക്കി വിടുന്നതായിരുന്നു ഇവരുടെ രീതി.
ഇതിനെതിരേ രണ്ടു വര്‍ഷം മുമ്പ് കേരളത്തിലെ കന്നുകാലി വ്യാപാരികള്‍ അനിശ്ചിത കാല സമരം നടത്തിയിരുന്നു. തുടര്‍ന്ന് അന്ന് മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും മറ്റും തമിഴ്‌നാട് സര്‍ക്കാറുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പ്രശ്‌നത്തിന് താല്‍കാലികമായെങ്കിലും പരിഹാരമായത്. രണ്ടു മാസത്തോളം അന്ന് കേരളത്തിലെ കന്നുകാലി ചന്തകള്‍ അടഞ്ഞു കിടന്നതിനെ തുടര്‍ന്ന് സംസ്ഥാത്ത് ബീഫ് കിട്ടാനില്ലാത്ത അവസ്ഥയുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് പുതിയ കശാപ്പ് നയം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇതിനെ മറികടക്കാന്‍ നിയമ വഴികള്‍ ആലോചിക്കുന്നുണ്ടെങ്കിലും പ്രായോഗികമായി തീരുമാനങ്ങള്‍ വരാത്തത് കന്നുകാലികളെ കൊണ്ടുവരാന്‍ തടസമാകുന്നുണ്ടെന്നാണ് കന്നുകാലി വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍നിന്നും മറ്റും കേരളത്തിലേക്ക് സുഗമായി കന്നുകാലികളെ കൊണ്ടു വരാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു കിട്ടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
കേന്ദ്ര നിയമത്തിന് ചെന്നൈ ഹൈകോടതി സ്‌റ്റേ നല്‍കിയെങ്കിലും പഴയ പോലെ ഗുണ്ടാസംഘങ്ങള്‍ സജീവമായതിനാല്‍ കന്നുകാലികളെ കൊണ്ടു വരാനാവാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."