അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന് പകരക്കാരിയായി ഡല്‍ഹിയെ നയിക്കാന്‍ അതിഷി മര്‍ലേന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാള്‍ തന്നെയാണ് അതിഷിയുടെ പേര് നിര്‍ദ്ദേശിച്ചത്. നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം.
ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി എന്ന വദവി കൂടി ഇതോടെ അതിഷിക്ക് സ്വന്തം. സുഷമാ സ്വരാജും ഷീലാ ദീക്ഷിതുമാണ് ഇതിന് മുമ്പ് ഡല്‍ഹിയെ ഭരിച്ച വനിതാ മുഖ്യമന്ത്രിമാര്‍. നിലവില്‍ കെജ്‌രിവാള്‍ സര്‍ക്കാരില്‍ ഏറ്റവും സുപ്രധാനമായ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് അതിഷിയാണ്. ധനം, വിദ്യാഭ്യാസം, റവന്യു, നിയമ വകുപ്പുകളെല്ലാം അവര്‍ക്കു കീഴിലാളുള്ളത്. ഡല്‍ഹി കല്‍ക്കാജി മണ്ഡലത്തിലെ എം.എല്‍.എയാണ്.
സൗരഭ് ഭരദ്വാജ്, രാഘവ് ഛദ്ദ, ഗോപാല്‍ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സുനിത കെജ്‌രിവാള്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നത്. ഒടുവില്‍ ഇന്നു ചേര്‍ന്ന ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തില്‍ അതിഷിയുടെ പേര് കെജ്‌രിവാള്‍ നിര്‍ദേശിക്കുകയായിരുന്നു. വൈകീട്ട് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേനയെ കണ്ട് കെജ്‌രിവാള്‍ രാജി സമര്‍പ്പിക്കും. ഇതിനു പിന്നാലെ 4.30യോടെ അതിഷി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണു വിവരം.
ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ മദ്യനയ അഴിമതിക്കേസില്‍ ജയിലിലായതോടെ മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു അതിഷി. കെജ്‌രിവാള്‍ കൂടി അറസ്റ്റിലായതോടെ ഡല്‍ഹി ഭരണം നയിച്ചത് അവരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."