ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി
വാഷിങ്ടണ്‍: ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സ്‌പേസ് എക്‌സ് പേടകമായ പൊളാരിസ് ഡോണും നാലു സഞ്ചാരികളും ഭൂമിയില്‍ തിരികെയെത്തി.
സര്‍ക്കാര്‍ ഇതര ഗഗന സഞ്ചാരികളെ ബഹിരാകാശ നടത്തത്തിന് കൊണ്ടുപോയി സുരക്ഷിതമായി തിരിച്ചെത്തിച്ച ചാരിതാര്‍ഥ്യമാണ് സ്‌പേസ് എക്‌സിനുള്ളത്. യു.എസ് സമയം പുലര്‍ച്ചെ 3.37ന് പേടകം കടലില്‍ വീഴുകയായിരുന്നു. റിക്കവറി സംഘവും പേടകത്തില്‍ നിന്ന് സഞ്ചാരികളെ പുറത്തിറക്കാന്‍ നിലയുറപ്പിച്ചിരുന്നു. ജെറേഡ് ഇസാക്മന്‍ എന്ന ശതകോടീശ്വരന്റെ നേതൃത്വത്തിലാണ് നാലംഗ സംഘം ബഹിരാകാശ നടത്തത്തിന് പുറപ്പെട്ടത്. ഇസാക്മന്‍ ആണ് ആദ്യം പേടകത്തില്‍ നിന്ന് പുറത്തിറങ്ങിയത്. ചൊവ്വാഴ്ച കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ഇവരെ വഹിച്ചുള്ള ഫാല്‍ക്കണ്‍ റോക്കറ്റ് കുതിച്ചുയര്‍ന്നത്.
അരനൂറ്റാണ്ടിനിടെ മനുഷ്യര്‍ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കാത്ത മേഖലയിലാണ് ഇവര്‍ പോയത്. കോസ്‌മോസ് മേഖലയില്‍ വാന്‍ അലെന്‍ എന്ന അപകടകരമായ റേഡിയേഷന്‍ മേഖലയാണ്. ഇവിടെയാണ് സംഘം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയത്.
പേടകം ഭൂമിയില്‍ നിന്ന് 1,400 കി.മി വരെ ഉയരത്തില്‍ സഞ്ചരിച്ചിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനേക്കാള്‍ മൂന്നിരട്ടി ഉയരത്തിലാണ് ഇവര്‍ സഞ്ചരിച്ചത്. ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയ അപ്പോളോയിലെ ദൗത്യം കഴിഞ്ഞാല്‍ ബഹിരാകാശ രംഗത്ത് ഏറ്റവും വലിയ മനുഷ്യ ദൗത്യമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."