യു.എ.പി.എ ബില്ലിനെതിരേ രാജ്യസഭയില്‍ എതിര്‍പ്പുമായി മുസ്‌ലിംലീഗ്
ന്യൂഡല്‍ഹി: യു.എ.പി.എ ബില്ലിനെതിരേ രാജ്യസഭയില്‍ എതിര്‍പ്പുമായി മുസ്‌ലിം ലീഗ്. പ്രത്യേക സമുദായത്തെ വേട്ടയാടാന്‍ ഉപയോഗിക്കാവുന്നതും ഇന്ത്യന്‍ ഭരണഘടന വ്യക്തികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ് ബില്ലെന്ന് മുസ്‌ലിം ലീഗ് അംഗം പി.വി അബ്ദുല്‍ വഹാബ് പറഞ്ഞു. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നതാണ് മുസ്‌ലിം ലീഗ് നിലപാട്. എന്നാല്‍, ബില്ലിലെ ഭേദഗതികള്‍ പലതും പൗരാവകാശത്തിന് നേരെയുള്ള കടന്നുകയറ്റത്തിന് അന്വേഷണ ഏജന്‍സികള്‍ക്ക് മൗനാനുവാദം നല്‍കുന്നതാണ്. വ്യക്തികളെ പോലും ഭീകരരായി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന ഭേദഗതി പല നിരപരാധികളേയും വര്‍ഷങ്ങളോളം വേട്ടയാടാന്‍ ഭരണകൂടത്തിന് സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം ആരോപിച്ചു.
നിരപരാധിയെന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതരാകുന്ന വ്യക്തികളുടെ ഉത്തരവാദിത്തമാണ്. യു.എ.പി.എ പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതില്‍ 97.8 ശതമാനം കേസുകളും കെട്ടികിടക്കുകയാണ് എന്നത് തന്നെ നിയമത്തിന്റെ കറുത്ത മുഖം തുറന്നുകാട്ടുന്നു. നിരപാധികള്‍ക്ക് ജാമ്യം പോലും നിഷേധിക്കപ്പെട്ട് വര്‍ഷങ്ങളോളം തടവില്‍ കിടക്കേണ്ട സ്ഥിതിയിലേക്ക് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ തള്ളി വിടാന്‍ പറ്റും. വ്യക്തിവൈരാഗ്യം തീര്‍ക്കാനും നിയമം ഉപയോഗിക്കാം.
രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് അനുസൃതമായാണ് ഇന്ത്യന്‍ തീവ്രവാദ വിരുദ്ധ നിയമവും മാറ്റേണ്ടത്. യു.എ.പി.എ നിയമത്തിന്റെ മുന്‍ഗാമികളായ പോട്ട, ടാഡ കടുത്ത വിമര്‍ശനംമൂലം പിന്‍വലിക്കേണ്ടി വന്നതിനെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണം. വ്യക്തികളെ നിയമവിരുദ്ധമായി തടഞ്ഞു വയ്ക്കാനും പീഡിപ്പിക്കാനും ഇത്തരം കരിനിയമങ്ങള്‍ അവസരം ഒരുക്കുന്നു. ഈ നിയമം ഭേദഗതികള്‍ വരുത്താതെ പാസാക്കാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."