മാധ്യമ പ്രവര്‍ത്തകന്റെ അപകട മരണം: സംഭവിച്ചതെന്ത്? ഈ പത്രപ്രവര്‍ത്തകന്റെ കുറിപ്പിലുണ്ട് പലതും
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്റെ അപകട മരണം: സംഭവിച്ചതെന്താണെന്ന് ദൃക്‌സാക്ഷിയായ ഈ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പിലുണ്ട് എല്ലാം. അപകടം നടന്നയുടനെ സ്ഥലത്തെത്തിയ ഡി.ദനുസമൂദാണ് ഫേസ്ബുക്കില്‍ ഇതു സംബന്ധിച്ച കുറിപ്പിട്ടത്.
ഫേസ്ബുക്ക് കുറിപ്പ്
രാത്രി 12.55 ന് മ്യൂസിയത്തിനടുത്ത പബ്ലിക് ഓഫീസിനു മുന്നില്‍ ആള്‍ക്കൂട്ടവും പോലീസ് വാനും നിര്‍ത്തിയിട്ടിരിക്കുന്നതും കണ്ടു സൈക്കിള്‍ ഒതുക്കി അങ്ങോട്ട് ചെന്നു. നിയന്ത്രണം വിട്ട കാര്‍ ഒരു ബൈക്കില്‍ ഇടിച്ചു നില്‍ക്കുന്നു. ബൈക്ക് മതിലിനോട് ചേര്‍ന്ന് കുത്തി നിര്‍ത്തിയിരിക്കുന്നത് പോലെ. പെട്ടെന്നാണ് താഴെ വീണു കിടക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ചോര ഒഴുകി പരക്കുന്നു. പോലീസ് ആംബുലന്‍സിനു വേണ്ടി കാത്ത് നില്‍ക്കുകയാണ്. ഗുരുതരമായതിനാല്‍ ജീപ്പില്‍ കൊണ്ട് പോകാനാവില്ലെന്നു പോലീസ് പറഞ്ഞു. കാറില്‍ നിന്നും ഇറങ്ങിയ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആള്‍ക്ക് കാല്‍ നിലത്ത് ഉറയ്ക്കുന്നില്ല. മദ്യപിച്ചു ലക്ക് കെട്ടനിലയിലാണ്. കൂടെയുള്ള പെണ്‍കുട്ടി ആകെ വിളറി നില്‍പ്പാണ്. അയാള്‍ക്ക് ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല എന്ന് തോന്നി. ആരെയൊക്കെയോ ഫോണില്‍ സംസാരിക്കുന്നു.ആംബുലന്‍സ് ഇതിനിടയില്‍ എത്തി.പരിക്കേറ്റയാളെ കൊണ്ടുപോയി. കൈ ഒടിഞ്ഞു നുറുങ്ങിയിട്ടുണ്ടെന്നു ആദ്യ കാഴ്ചയില്‍ തന്നെ മനസിലാകും.
കാറില്‍ വന്ന പെണ്‍കുട്ടിയുടെ പേരും വിലാസവും കുറിച്ചു. മരപ്പാലത്ത് എവിടെ? വീട്ടില്‍ ആരുണ്ട്? കൂടെയുള്ള ആള്‍ ആരാണെന്ന് രണ്ട് മിനിറ്റ് കൊണ്ട് അന്വേഷിച്ച ശേഷം പൊയ്‌ക്കോളാന്‍ പോലിസ് പറഞ്ഞു. ആടി നില്‍ക്കുന്ന ആളുടെ അഡ്രെസ്സ് പോലീസ് ചോദിച്ചു. സിവില്‍ സര്‍വീസ് കോളനി, കവടിയാര്‍ എന്ന് പറഞ്ഞതോടെ വേറെ ഒന്നും പോലീസ് ചോദിച്ചില്ല. മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പോകാം എന്ന് പറഞ്ഞു.കാര്‍ എടുത്ത് മാറ്റുന്നതിനായി ക്യാരി വാന്‍ എത്തി. ബൈക്ക് പോലീസ് പരിശോധിക്കുന്നതിനിടയില്‍ ശളളസ യുടെ പാസ്, ഏതോ മീഡിയ പാസ്, സിറാജ് പത്രം എന്നിവ എടുത്തു. പത്രക്കാരനാണ് എന്നറിഞ്ഞതോടെ പാസ് പോലീസിനോട് ചോദിച്ചെങ്കിലും അവര്‍ തരാന്‍ കൂട്ടാക്കിയില്ല. അപകടം നടന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത ഉടന്‍ ഫോണ്‍ ബാറ്ററി തീര്‍ന്നു ഓഫ് ആയി.
വളവില്‍ തിരിയാതെ മുന്നില്‍ പോയ ബൈക്ക് യാത്രക്കാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചത് കണ്ട രണ്ട് പേര്‍ പോലീസിനോട് വിശദമായി കാര്യങ്ങള്‍ പറഞ്ഞു. അവരുടെ ഫോണ്‍ നമ്പറും പോലീസ് ചോദിച്ചു കുറിച്ചെടുത്തു. റൂമിലെത്തി ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ ബൈക്കിന്റെ നമ്പര്‍ നല്‍കിയപ്പോഴാണ് മുഹമ്മദ് ബഷീര്‍ എന്ന പേര് തെളിഞ്ഞു വരുന്നത്. സിറാജ് പത്രത്തിന്റെ കോണ്‍ടാക്ട് ഗൂഗിള്‍ ചെയ്തപ്പോള്‍ കിട്ടിയ ഫോണ്‍ നമ്പര്‍ ഒടുക്കത്തെ ബിസി.കേടാണോ എന്ന് സംശയം ആയപ്പോള്‍ മീഡിയ ഡയറി എടുത്തു സിറാജ് പത്രത്തിന്റെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍മാരുടെ വിവരം പരിശോധിച്ചു. ബ്യുറോചീഫിന്റെ പേര് ബഷീര്‍ എന്ന പേര് കാണുന്നത്.രണ്ടാമത്തെ പേരുകാരന്‍ അടുത്ത ചങ്ങാതി കൂടിയായ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് ആണ്. അവനെ വിളിച്ചപ്പോള്‍ അപകട വിവരം അറിഞ്ഞു മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയിലാണ്. ഈ ചിത്രം ഇപ്പോള്‍ തന്നെ പോസ്റ്റ് ചെയ്യുന്നതിന് കാരണം ഇടിച്ച കാറിന്റെ കനപ്പെട്ട മേല്‍വിലാസമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും സ്വാധീനവും ധനവും ഉള്ളവര്‍ താമസിക്കുന്ന പ്രദേശമാണിത് .മുന്തിയ ഇനം ആളുകളുടെ പോസ്റ്റല്‍ അഡ്രസ്സ് ആണ് കവടിയാര്‍ പി ഒ. പാവപെട്ട ഒരു പത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ഗുരുതര നിലയിലാക്കിയ ശേഷം ഊരിപ്പോകരുതല്ലോ. മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ക്യാമറദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കണം. കാറിലെ മദ്യപാനിയുടെ രക്തപരിശോധന ഈ രാത്രിയില്‍ തന്നെ പോലീസ് നടത്തി കാണുമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."