ജില്ലയില്‍ ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം മൂന്ന് മാസത്തിനകം
മലപ്പുറം: ജില്ലയില്‍ ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. ന്യായവില നിര്‍ണയവുമായി ബന്ധപ്പെട്ട് റവന്യൂ ജീവനക്കാര്‍ക്ക് നല്‍കിയ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബര്‍ ഒന്നിന് വിലനിര്‍ണയത്തിന് തുടക്കമാകും.
മൂന്നു മാസംകൊണ്ട് വിവരശേഖരണം പൂര്‍ത്തിയാക്കി സമഗ്രമായ പുനര്‍നിര്‍ണയമാണ് ലക്ഷ്യമിടുന്നത്. റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ, നികുതി, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ഭൂമിയിലുണ്ടാകുന്ന മാറ്റങ്ങള്‍ പരിഗണിച്ചാണ് ന്യായവില നിശ്ചയിക്കുക.
സമീപപ്രദേശങ്ങളിലെ ഭൂമിയുടെ വില്‍പനവില അടക്കമുള്ളവ പരിശോധിച്ചാണ് ന്യായവിലനിര്‍ണയം. വനം, റോഡ്, ഇടവഴി, റെയില്‍പാത, കുളം, തോട്, കനാല്‍, പാലം, അണക്കെട്ട്, കലുങ്ക് എന്നിവ ഒഴികെയുള്ളവയുടെ വിലയാണ് നിര്‍ണയിക്കുന്നത്.
കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സി.എ.ജി) നീരിക്ഷണങ്ങളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാകും ന്യായവില പുനര്‍നിര്‍ണയിക്കുന്നത്. നിലവിലെ അപാകതകള്‍ പരിഹരിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുക, പൊതുഅതിര്‍ത്തി പങ്കിടുന്ന ഭൂമിക്ക് ഒരേ ന്യായ വില നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണം. വില്ലേജ് ഓഫിസര്‍ കണ്‍വീനറായുള്ള വില്ലേജ്തല കമ്മിറ്റി, താലൂക്ക് തല കമ്മിറ്റി, ജില്ലാതല കമ്മിറ്റി എന്നിങ്ങനെ മൂന്ന് തലത്തിലാണ് ന്യായവില പുനര്‍നിര്‍ണയ പ്രക്രിയ പൂര്‍ത്തീകരിക്കുക.
വെള്ളപ്പൊക്ക മേഖല, മാര്‍ക്കറ്റുകളുടെ സമീപം, മലിനമായ ജലാശയത്തിന് സമീപം, കുടിവെള്ള ദൗര്‍ലഭ്യമുള്ള സ്ഥലം എന്നിവിടങ്ങളില്‍ വില കുറയും. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിശീലന പരിപാടിക്ക് സീനിയര്‍ സുപ്രണ്ടുമാരായ ജേക്കബ് സഞ്ജയ് ജോണ്‍, സി.എസ് അനില്‍, ജയകുമാര്‍, ജൂനിയര്‍ സുപ്രണ്ട് കെ.പി ബിജു, ഗിരീന്ദ്രകുമാര്‍, സീനിയര്‍ ക്ലര്‍ക്ക് പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."