പകര്‍ച്ചവ്യാധി ഭീഷണിയില്‍ കല്ലമ്പലം
കല്ലമ്പലം: മാലിന്യ നിര്‍മാര്‍ജന സംവിധാനമില്ലാതെ കല്ലമ്പലം മേഖലയിലെ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികള്‍. നാടെങ്ങും പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മേഖലകളിലെ ആശുപത്രികളില്‍ സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനത്തിന് സ്ഥിരം സംവിധാനം വേണമെന്നാവശ്യം ശക്തമാണ്. മഴയും വെയിലും മാറിവരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.
അതിനാലാണ് ആശുപത്രികളില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് ശാസ്ത്രീയ സംവിധാനം വേണമെന്നാവശ്യം ശക്തമായിരിക്കുന്നത്. ശാസ്ത്രീയ സംവിധാനമില്ലാത്തതുകാരണം ചികിത്സക്കെത്തുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അണുബാധയേല്‍ക്കുവാനുള്ള സാധ്യത ഏറെയാണ്. മണമ്പൂര്‍, നാവായിക്കുളം, കല്ലമ്പലം പ്രദേശത്തെ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓരോന്നിലും നൂറു മുതല്‍ മുന്നൂറോളം പേരാണ് ദിനം പ്രതി ചികിത്സയ്ക്ക് വന്നുപോകുന്നത്.
ആശുപത്രികളില്‍ ബയോമെഡിക്കല്‍ വേസ്റ്റുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് യാതൊരു ശാസ്ത്രീയ സംവിധാനവും നിലവിലില്ല. ആശുപത്രികളില്‍ നിര്‍ബന്ധമായും മാലിന്യ നിര്‍മാര്‍ജന സംവിധാനം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമവും നിലവിലുണ്ട്. എന്നാല്‍ ഇവിടുത്തെ ഒട്ടുമിക്ക ആശുപത്രികളിലും ഇത് ലംഘിക്കുകയാണ് പതിവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആശുപത്രി മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കണമെന്നും അണുക്കള്‍ പകരാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ മാത്രം ഇവ കൈകാര്യം ചെയ്യണമെന്നും മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരിക്കണമെന്നുമാണ് നിയമം അനുശാസിക്കുന്നത്.
എന്നാല്‍ ഉപയോഗിച്ച സിറിഞ്ചുകള്‍ അണുവിമുക്തമാക്കി റീസൈക്ലിങ് നടത്തുവാനോ കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഇന്‍സിനറേറ്റ് ചെയ്യുവാനോ ദ്രാവകരൂപത്തിലുള്ള മാലിന്യങ്ങള്‍ അണുവിമുക്തമാക്കി ഡ്രൈനേജില്‍ ഒഴുക്കാനോ വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഈ മേഖലകളിലെ ആശുപത്രികളില്‍ ഇല്ല.
പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരാകട്ടെ ഈ ആശുപത്രികളിലേക്കൊന്നും തിരിഞ്ഞു നോക്കാറില്ല. പ്ലാസ്റ്റിക്, ക്യാരി ബാഗുകള്‍ നിരോധിച്ചെങ്കിലും ആശുപത്രി പരിസരങ്ങളില്‍ ഇവ കുന്നുകൂടി കിടപ്പാണ്. ആശുപത്രികളില്‍ പൊതിച്ചോറ് കൊണ്ട് വരുന്നത് നിരോധിക്കുമെന്നും കൂട്ടിരിപ്പുകാര്‍ക്ക് പ്രത്യേക ഡൈനിങ് മുറി ഏര്‍പ്പെടുത്തുമെന്നുള്ള വകുപ്പധികൃതരുടെ പ്രഖ്യാപനങ്ങള്‍ ഇനിയും പ്രാവര്‍ത്തികമായിട്ടില്ല.
ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാലിന്യ നിര്‍മാര്‍ജന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് പഞ്ചായത്താണ്. ഇതിനായി പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും പല പഞ്ചായത്തുകളും ഇത് ഫലപ്രദമായി വിനിയോഗിച്ച് തുടങ്ങിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."