പിടിച്ചുകെട്ടണം തെരുവുനായകളെ
കണ്ണൂര്‍: കുറ്റിയാട്ടൂരില്‍ ഏഴുവയസുകാരി ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കു തെരുവുനായയുടെ കടിയേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ ആറിനും പത്തിനും ഇടയിലായിരുന്നു സംഭവം. പ്രദേശത്ത് ഓടിനടന്ന നായ കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. കുറ്റിയാട്ടൂര്‍ കൂറുമ്പകാവിന് സമീപത്തെ കോയോട്ടുമൂലയിലെ നാരായണാലയത്തില്‍ മാളവിക പ്രദീപ് (ഏഴ്), കാവുംചാലില്‍ ശാദുലി (71), കണിയാന് വളപ്പില്‍ മുഹമ്മദ് കുഞ്ഞി (59), കാക്കാമണി ഭാസ്കരന് (66), കോന്താറമ്പ് അനീഷ് നിവാസില്‍ കെ.പി അനീഷ് (38), അനീഷിന്റെ സഹോദരന് അജീഷ് (30), പത്താംമൈല്‍ കല്ലുവളപ്പില്‍ ഭാസ്കരന് (48), കുഞ്ഞിരാമന് (69), പശ്ചിമ ബംഗാള്‍ സ്വദേശിയായ മംഗള്‍ (32) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാളവികയുടെയും അജീഷിന്റെയും മുഖത്താണ് കടിയേറ്റത്. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ അജീഷ് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറി. കുറ്റിയാട്ടൂരിലെ ക്രഷര്‍ തൊഴിലാളിയാണ് മംഗള്‍. പാവന്നൂര്‍ മൊട്ട, കോയ്യോട്ടുമൂല എന്നിവിടങ്ങളില്‍ തെരുവ് നായശല്യം രൂക്ഷമാണ്. മേഖലയിലെ ചെങ്കല്‍ പണകള്‍ ഉള്‍പ്പെടയുള്ള സ്ഥലങ്ങളില്‍ വ്യാപകമായി അറവു മാലിന്യം തള്ളുന്നത് പതിവാണ്. ദൂരദിക്കുകളില്‍ നിന്നു പോലും വാഹനങ്ങളില്‍ മാലിന്യം കൊണ്ടുവന്നു തള്ളുന്നുണ്ട്. കോഴി, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ തെരുവ് നായകള്‍ ആക്രമിക്കുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."