സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനം: കോടിയേരിയുടെ പ്രസ്താവന മലബാറില്‍ കലാപമുണ്ടാക്കാന്‍- മുല്ലപ്പള്ളി
കണ്ണൂര്‍: സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കോടിയേരിയുടെ പ്രസ്താവന മലബാറില്‍ കലാപമുണ്ടാക്കാനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
എല്ലാ കാലത്തും കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. നാടിന്റെ സമാധാനം തകര്‍ക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് സി.പി.എമ്മിന്റെ നിലപാടെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. മക്ക പള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. ഹജ്ജിന് സ്ത്രീകള്‍ പോകുന്നുണ്ട്, സമുദായത്തിനകത്തു നിന്നു തന്നെ പുരോഗമന വീക്ഷണം ഉണ്ടാവണമെന്നും കോടിയേരി പറഞ്ഞിരുന്നു.
കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മതനിയമങ്ങളില്‍ രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു. അതാതു മതങ്ങളുടെ ആചാരങ്ങളം സംബന്ധിച്ച് പറയേണ്ടത് അതാതു മതപണ്ഡിതരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ അവിശ്വാസികള്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് മുസ്‌ലിം ലീഗും നിലപാടെടുത്തിരുന്നു. സുന്നി പള്ളികളിലെ കാര്യം കോടിയേരി തീരുമാനിക്കേണ്ടെന്ന് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."