യു.എന്‍ റിപ്പോര്‍ട്ടും മ്യാന്മറിന്റെ ധിക്കാരവും
അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്കായി ശബ്ദിക്കാന്‍ വിദൂരതയിലെങ്കിലും ആയിരം നാവുകള്‍ കാലം ഒരുക്കിവെക്കുമെന്ന നിയതി റോഹിംഗ്യര്‍ക്കിടയിലെ ഭീതിപൂണ്ട ആകാശച്ചുരുളുകള്‍ക്കിടയില്‍ പ്രത്യാശയുടെ പ്രകാശം പരത്തിത്തുടങ്ങിയിരിക്കുന്നു. മ്യാന്മറിലെ ന്യൂനപക്ഷമായ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ തുല്യതയില്ലാത്ത മനുഷ്യാവകാശ ധ്വംസനത്തിന്റെയും വംശഹത്യയുടെയും ക്രൂരതകളുടെയും പേരില്‍ ആ രാജ്യം ഇന്നു ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും ചോദ്യശരങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി കഴിയുകയാണ്.
റോഹിംഗ്യര്‍ക്കെതിരേയുള്ള അക്രമങ്ങള്‍ ഏറെ ഞെട്ടിപ്പിക്കുന്നതാണെന്ന വെളിപ്പെടുത്തലോടെയുള്ള യു.എന്‍ റിപ്പോര്‍ട്ട് കാലതാമസം നേരിട്ടതാണെങ്കിലും നിശബ്ദവേദനയുടെ പര്യായമായിത്തീര്‍ന്ന പാവപ്പെട്ട ജനതയില്‍ ആശ്വാസത്തിന്റെ തുരുത്തു കണ്ടെത്താനായതിന്റെ തെളിച്ചമേകുന്നു. വംശീയതയുടെ പേരില്‍ മനുഷ്യരെ ഒരു ദാക്ഷിണ്യവുംകൂടാതെ കൊന്നൊടുക്കിയതും സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കിയതും കുട്ടികളെ കഴുത്തറുത്തു കൊലപ്പെടുത്തി പ്രദര്‍ശിപ്പിച്ചതും ഗ്രാമങ്ങള്‍ ചുട്ടെരിച്ചതും ഐക്യരാഷ്ട്ര സഭ രൂക്ഷമായ ഭാഷയിലാണ് അപലപിച്ചത്.
രാജ്യത്തെ ഭൂരിപക്ഷവിഭാഗമായ ബുദ്ധരും മ്യാന്മര്‍ സൈന്യവും ഒരുമിച്ചു നടത്തിയ ക്രൂരത ലോകം കണ്ണീരോടെ കണ്ടപ്പോള്‍ ഐക്യരാഷ്ട്ര സഭയുടെ സത്വര ഇടപെടലുകള്‍ക്കു കാതോര്‍ക്കുകയായിരുന്നു പോയ നാളുകളിലൊക്കെയും. 1996 മുതല്‍ മ്യാന്മറിലെ എട്ടു ലക്ഷത്തോളം വരുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍ അനുഭവിച്ചു വരുന്ന ദുരിതങ്ങള്‍ക്കു നൊബേല്‍ സമ്മാന ജേതാവ് ഓങ് സാന്‍ സൂകിയുടെ രാഷ്ട്രീയ പ്രവേശനവും അധികാരാരോഹണവും സംഭവ്യമായതിന്റെ തൊട്ടുപിന്നാലെ ക്രൂരതയുടെ മൂര്‍ധന്യഭാവം കൈവരിക്കുകയായിരുന്നു.
അഹിംസയുടെ മഹാമന്ത്രം ലോകത്തിനു പകര്‍ന്നു നല്‍കിയ ഗൗതമബുദ്ധന്റെ അനുയായികള്‍ വംശീയതയുടെ പേരില്‍ പാവപ്പെട്ട മുസ്‌ലിം ജനതയെ കൊന്നൊടുക്കിയും ആക്രമിച്ചും ഭവനരഹിതരാക്കിയും തിമിര്‍ത്താടിയപ്പോള്‍ സമാധാനത്തിന്റെ കാവലാളെന്നു ലോകം പുകഴ്ത്തിപ്പാടിയ സൂകി വേഷപ്പകര്‍ച്ചയോടെ അരങ്ങുകൊഴുപ്പിച്ചു. പിഞ്ചുകുഞ്ഞുങ്ങളുടെ അറുക്കപ്പെട്ട കഴുത്തില്‍നിന്നു ചിതറിയൊഴുകിയ രക്തച്ചാലുകള്‍ സൂകിയെ കൊലമരത്തിലെത്തിക്കുമെന്ന് അച്ചട്ടം പറഞ്ഞവര്‍ അങ്ങനെയൊരു ദിനത്തിന്റെ പുലരിക്കായി കാത്തിരിക്കുന്നു. അതിന്റെ പ്രാരംഭ തെളിനീരുറവയാകണം യു.എന്നിന്റെ വിശദമായ റിപ്പോര്‍ട്ടും മ്യാന്മര്‍ അധികാരികള്‍ക്കെതിരേയുള്ള രൂക്ഷപ്രതികരണവും.
മ്യാന്മറിന്റെ ധിക്കാരം
ന്യായവാദങ്ങള്‍ ഒരിക്കലും കൊടും ക്രൂരതകള്‍ക്കു സമ്മതമേകുന്നില്ലെന്ന അസന്നിഗ്ധ പ്രഖ്യാപനവുമായാണു മ്യാന്മറിനെതിരേയുള്ള ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. തീവ്രവാദികളെയും വിഘടനവാദികളെയും ലക്ഷ്യമിട്ടാണു തങ്ങള്‍ ആക്രമണം നടത്തിയതെന്ന മ്യാന്മര്‍ സര്‍ക്കാരിന്റെ വാദം യു.എന്‍ മുഖവിലയ്ക്കുപോലും എടുത്തില്ലെന്നതു ശ്രദ്ധേയമാണ്. എന്തു വാദം നിരത്തിയാലും റോഹിംഗ്യകള്‍ക്കെതിരേ നടന്ന ക്രൂരത പൊറുപ്പിക്കാനാവില്ലെന്നും മ്യാന്മര്‍ സൈനികമേധാവികളെ യുദ്ധക്കുറ്റത്തിനു വിചാരണ ചെയ്യണമെന്നും അഭിപ്രായപ്പെട്ട റിപ്പോര്‍ട്ടില്‍ സൂകിക്കുനേരെ കടുത്ത വിമര്‍ശനവുമുണ്ട്.
അടുത്തകാലത്തു ലോകം ഞെട്ടിയ വംശഹത്യ സൂകിക്കു വ്യക്തിപരമായി തടയാന്‍ സാധിക്കുമായിരുന്നെന്നും എന്നാല്‍ അവര്‍ സൈന്യത്തിന്റെയും ബുദ്ധവിഭാഗത്തിന്റെയും നരനായാട്ടിനു മൗനസമ്മതം നല്‍കുകയായിരുന്നുവെന്നുമാണു യു.എന്നിന്റെ വിമര്‍ശനം. മ്യാന്മര്‍ സൈന്യത്തിന്റെ നടപടികളെല്ലാം രാജ്യസുരക്ഷാഭീഷണിയുടെ ഗണത്തില്‍പ്പെടുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഒരു സര്‍ക്കാരിനെതിരേ ചുമത്താവുന്ന കുറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു വംശഹത്യയെന്നും സ്ത്രീകളും കൊച്ചുകുട്ടികളും വംശീയവെറിയുടെ ഭാഗമായി അതിക്രൂരമായി കൊലചെയ്യപ്പെട്ടുവെന്നതു സൈനികമേധാവികളെ യുദ്ധക്കുറ്റത്തിനു വിചാരണ ചെയ്യാന്‍ പര്യാപ്തമാണെന്നും യു.എന്‍ റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍, ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് അപ്പാടെ തള്ളിയ മ്യാന്മര്‍ ഭരണകൂടം ധാര്‍ഷ്ട്യത്തിന്റെ ഭാഷയിലാണ് അന്താരാഷ്ട്ര സമൂഹത്തോടു പ്രതികരിച്ചത്. യു.എന്‍ പോലുള്ള പൊതുവേദികളില്‍ പലതവണ അവസരം ലഭിച്ചിട്ടും തന്റെ രാജ്യത്തെ വംശഹത്യയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ ഒഴിഞ്ഞുമാറിയ സൂകിയുടെ നിലപാട് നേരെത്തേതന്നെ ലോകരാജ്യങ്ങളുടെ വിമര്‍ശനമേറ്റു വാങ്ങിയിരുന്നു. റോഹിംഗ്യന്‍ ജനതയ്ക്കു നേരെയുള്ള ക്രൂരത പോയവര്‍ഷം രൂക്ഷമായി മാറിയ പരിതസ്ഥിതിയില്‍ ലോകനേതാക്കള്‍ സൂകിയുടെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തിരിച്ചുവാങ്ങണമെന്ന് അഭിപ്രായപ്പെട്ടു.
എന്നാലിപ്പോള്‍ യു.എന്‍ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം വീണ്ടും സജീവ ചര്‍ച്ചയായപ്പോള്‍ ജനാധിപത്യത്തിനായുള്ള പരിത്യാഗ പോരാട്ടത്തിനാണു 1991 ല്‍ സൂകിക്കു സമാധാനത്തിനുള്ള നൊബേല്‍ നല്‍കിയതെന്നും ഇപ്പോഴതു തിരിച്ചു വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പുരസ്‌കാര സമിതി വ്യക്തമാക്കി. നൊബേല്‍ സമ്മാനം തിരിച്ചുനല്‍കേണ്ടി വന്നാലും രാജ്യതന്ത്രങ്ങള്‍ക്കും നടപടികള്‍ക്കും പിന്തുണയേറുന്നതില്‍ അധിഷ്ടിതമാണു തന്റെ ശിഷ്ടജീവിതമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സൂകിയുടെ നീക്കത്തെ ലോകരാഷ്ട്രങ്ങള്‍ ധിക്കാരപരമായാണു വിലയിരുത്തുന്നത്.
രാജ്യാന്തരകോടതിയും
ചൈനയുടെ നിലപാടും
മ്യാന്മര്‍ ക്രൂരത സംബന്ധിച്ചു ശക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് തയാറാക്കിയത്. മ്യാന്മര്‍ സൈന്യം ഭൂരിപക്ഷ ബുദ്ധവിഭാഗത്തിന്റെ കൂട്ടുപിടിച്ചു നടത്തിയ മിക്ക കൂട്ടക്കൊലകളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങളും അക്കമിട്ടു നിരത്തിയ യു.എന്‍ റിപ്പോര്‍ട്ടിനെതിരേ മ്യാന്മറിന് എത്രത്തോളം പിടിച്ചുനില്‍ക്കാനാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെങ്കിലും മ്യാന്മറിനെ രാജ്യാന്തരകോടതിയിലെത്തിക്കുകയെന്ന ദൗത്യം ശ്രമകരമാണ്. രാജ്യാന്തരകോടതിയില്‍ അംഗത്വമെടുത്തിട്ടില്ലാത്ത മ്യാന്മര്‍ സര്‍ക്കാരിനെ യുദ്ധക്കുറ്റത്തില്‍ വിചാരണ ചെയ്യിക്കാന്‍ ചൈനയടക്കമുള്ള അഞ്ചുരാഷ്ട്രങ്ങളുടെ പിന്തുണ തേടേണ്ടതായി വരും.
ചൈനയാവട്ടെ മ്യാന്മറുമായി ചങ്ങാത്തത്തിലുമാണ്. യു.എന്‍ റിപ്പോര്‍ട്ടിന് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലാത്ത ചൈന മ്യാന്മറിനെ അന്താരാഷ്ട്ര കോടതിയിലെത്തിക്കുന്ന കാര്യത്തില്‍ എന്തു നിലപാട് എടുക്കുമെന്നു കണ്ടറിയണം. മ്യാന്മറിലെ മുതിര്‍ന്ന സൈനികര്‍ക്കെതിരേ ശക്തമായ തെളിവുകള്‍ നിരത്തിയ യു.എന്‍ റിപ്പോര്‍ട്ട് അങ്ങനെയങ്ങു തള്ളിക്കളയാന്‍ ചൈനക്കാവില്ലെന്ന ലോകനേതാക്കളുടെ അഭിപ്രായം ഈ വിഷയത്തില്‍ നേരിയ തോതിലെങ്കിലും ശുഭസൂചനയാണു നല്‍കുന്നത്.
സ്വതന്ത്ര കമ്മിഷന്‍ അന്വേഷണം
വെളിച്ചം കാണുമോ
യു.എന്‍ വസ്തുതാന്വേഷണ സംഘം തയാറാക്കിയ റിപ്പോര്‍ട്ട് തള്ളുകയാണെന്നു പ്രഖ്യാപിച്ച മ്യാന്മര്‍ സര്‍ക്കാര്‍ വക്താവ് സാ ഹതായ് തങ്ങള്‍ സ്വതന്ത്ര കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മാത്രമേ മ്യാന്മര്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളൂവെന്നും വ്യക്തമാക്കിയിരിക്കുകയാണ്. യു.എന്‍ രക്ഷാസമിതിയുടെ പ്രമേയങ്ങള്‍ അംഗീകരിക്കാന്‍ മ്യാന്മര്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമല്ലെന്നു വ്യക്തമാക്കിയ അദ്ദേഹം അന്താരാഷ്ട്ര മനുഷ്യാവകാശ സമിതി തങ്ങളുടെ രാജ്യത്തിനു നേരേ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി.
യു. എന്‍ അന്വേഷണ സംഘത്തിനു മ്യാന്മര്‍ സന്ദര്‍ശനം വിലക്കിയിരുന്ന സാഹചര്യത്തില്‍ അവര്‍ തയാറാക്കിയ റിപ്പോര്‍ട്ടിന് എന്തു നിയമ സാധുതയാണുള്ളതെന്നും മ്യാന്മര്‍ ഭരണകൂട വക്താവ് ചോദ്യമുന്നയിക്കുന്നു. ഇതിനിടെ മ്യാന്മറിന്റെ സ്വതന്ത്രാന്വേഷണം വെളിച്ചം കാണുമോയെന്നും കുറ്റങ്ങള്‍ തെളിയിക്കപ്പെടുമോയെന്നുമുള്ള സന്ദേഹം സ്വാഭാവികമായും ഉയര്‍ന്നു വരുന്നു. ഒരു രാജ്യത്തും ഭരണകൂട ഒത്താശയോടെ നടന്ന കുരുതികള്‍ സത്വര വിചാരണ നേരിടുകയോ കുറ്റവാളികളായ അധികാരി വര്‍ഗം ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന ചരിത്രം ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്.
2017 ല്‍ ലോകമൊന്നടങ്കം അപലപിച്ച വംശഹത്യയെ ന്യായീകരിക്കുകയും ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിനെ തള്ളുകയും ചെയ്ത മ്യാന്മര്‍ വരുംനാളുകളില്‍ കടുത്ത വിമര്‍ശനങ്ങളെയാണു നേരിടേണ്ടി വരിക. ആ രാജ്യത്തെ സൈന്യം നടത്തിയ കൂട്ടക്കുരുതിയെ ന്യായീകരിച്ചു വംശവെറിയുടെ കരിമ്പുടവ പുതച്ചു നിസംഗതയുടെ ആള്‍രൂപമായി മാറിയ സൂകിയും കനത്ത പ്രതിസന്ധി നേരിടേണ്ടിവരും. മ്യാന്മര്‍ ഭരണകൂടം നടത്തിയ പൊറുക്കാനാവാത്ത ചെയ്തികളെ ലോക രാഷ്ട്രങ്ങള്‍ ഒന്നടങ്കം ചോദ്യം ചെയ്തതിനെതുടര്‍ന്നു പ്രതിരോധത്തിലായ ബുദ്ധ ഭൂരിപക്ഷ രാജ്യത്തിനു യു.എന്നിന്റെ ശക്തമായ ഇടപെടല്‍ കൂടി വന്നതോടെ യശസ്സോടെ നിലകൊള്ളുക ശ്രമകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."