മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം: ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: മുസ്ലിം സ്ത്രീകള്‍ക്കു പള്ളികളില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയസായി സ്വരൂപാനന്ദ നല്കിയ ഹരജി ഹൈക്കോടതി തള്ളി. ഹരജിക്കാരന് ഇത്തരം ആവശ്യമുന്നയിക്കാന്‍ അവകാശമില്ലന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.
ശബരിമല സ്ത്രീ പ്രവേശനത്തെയും മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തെയും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
വിവേചനമുണ്ടെന്നു മുസ്ലിം സ്ത്രീകള്‍ പരാതി ഉന്നയിച്ചിട്ടില്ലെന്നും ഇക്കാര്യം ഉന്നയിക്കാന്‍ ഹരജിക്കാരന് അവകാശമില്ലെന്നും വിവേചനമുണ്ടെന്നു തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശനാനുമതി നല്കിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പള്ളികളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. മക്കയില്‍ പ്രാര്‍ഥന നടത്തുന്നതിനു മുസ്ലിം സ്ത്രീകള്‍ക്കു തടസമില്ലെന്നു ഹരജിയില്‍ പറയുന്നു. എന്നാല്‍, ഇവിടെ മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതു മത മേലധികാരികള്‍ വിലക്കിയിരിക്കുകയാണ്. ഇതു ഭരണഘടന വിഭാവനം ചെയ്യുന്ന അന്തസോടെ ജീവിക്കാനും തുല്യതയ്ക്കുമുള്ള അവകാശത്തിനെതിരാണ്. പര്‍ദ ധരിക്കാന്‍ മുസ്ലിം സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നും ഹരജിക്കാരന് ആവശ്യപ്പെട്ടിരുന്നു.
മുസ്ലിം സമുദായത്തിലെ ഒരാള്‍ പോലും വസ്ത്രധാരണം സംബന്ധിച്ചു പരാതി നല്‍കിയിട്ടില്ലെന്നും ഹരജിക്കാരന്റെ വാദം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയ കോടതി, വ്യക്തിസ്വാതന്ത്ര്യത്തിനും സാമൂഹിക സുരക്ഷയ്ക്കുമെതിരായ നടപടിയാണിതെന്ന വാദവും തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."