കുതിരാനില്‍ തുരങ്ക നിര്‍മാണ ജോലി പുരോഗമിക്കുന്നു
കുഴല്‍മന്ദം: വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത നവീകരണത്തിന്റെഭാഗമായി കുതിരാനില്‍ തുരങ്കനിര്‍മാണ ജോലി പുരോഗമിക്കുന്നു. പാറക്കഷ്ണങ്ങള്‍ തെറിച്ചുവീഴുന്നതിനാല്‍ സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.
ജോലിക്കാര്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ ടയര്‍ മതിലുകള്‍ കൊണ്ടിട്ടിട്ടുണ്ട്. പാറപൊട്ടിക്കുമ്പോള്‍ ഇത് മറച്ചാണ് വാഹനങ്ങളും മറ്റും സംരക്ഷിക്കുന്നത്. തുരങ്ക നിര്‍മാണത്തിന് പാറപൊട്ടിക്കല്‍ 24 മണിക്കൂറും തുടരുന്നു.
ബൂമര്‍ ഉപയോഗിച്ചാണ് ഇതില്‍ തുളകളിട്ട് പാറപൊട്ടിക്കുന്നത്. വളരെ മന്ദഗതിയിലാണ് ഇപ്പോള്‍ ജോലി തുടരുന്നത്. അഞ്ചു മീറ്റര്‍ ദൂരത്തിലും 14 മീറ്റര്‍ വീതിയിലുമാണ് ഇതുവരെ ജോലി പൂര്‍ത്തിയായത്. പത്തു മീറ്റര്‍ ദൂരം പിന്നിട്ടാല്‍ മാത്രമാണ് ആധുനിക ബൂമര്‍ ഉപയോഗിച്ച് പാറ തുളക്കുക. ഇതുകൊണ്ട് 14 മീറ്റര്‍ ആഴത്തില് 90 കുഴികള്‍ വരെ തുളയ്ക്കാന്‍ കഴിയും. ഇതോടെ ജോലി വേഗത്തില്‍ പൂര്‍ത്തി യാകുമെന്ന് നിര്‍മാണ കമ്പനി അധികൃതര്‍ പറഞ്ഞു.
രണ്ട് ഭാഗമുള്ള തുരങ്കത്തിന്റെ ഇടതുവശത്താണ് ഇപ്പോള്‍ പണിപുരോഗമിക്കുന്നത്. ഇരുമ്പുപാലത്തിന് സമീപത്തുനിന്ന് ആരംഭിക്കുന്ന തുരങ്കം വഴുക്കുപാറയിലാണ് തുറക്കുന്നത്. തുരങ്കത്തിലൂടെയുള്ള ദേശീയപാത കേരളത്തില് ആദ്യമാണ്. കൊങ്കണ് റെയില്‍വേയാണ് ഇതുപോലെ തുരങ്കത്തിലൂടെ നിര്‍മിച്ചിരിക്കുന്നത്.
ഊട്ടിയിലും മറ്റ് പൈതൃക റെയില്‍വേ ലൈനുകളിലും ഇത്തരത്തില് തുരങ്കങ്ങളുണ്ട്. കൂറ്റന്‍ ജനറേറ്ററുപയോഗിച്ച് 24 മണിക്കൂറും നടക്കുന്ന തുരങ്ക നിര്‍മാണം കാണാനും ചിത്രങ്ങളെടുക്കാനും നിരവധി പേര്‍ ഇവിടെയെത്തുന്നുണ്ട്. പാറപൊട്ടിക്കുമ്പോള്‍ സന്ദര്‍ശകരെ കര്‍ശനമായി വിലക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."