കണ്ണൂര്‍ മേയര്‍ക്കെതിരേ യു.ഡി.എഫ് അവിശ്വാസ നോട്ടിസ് നല്കി
ണ്ണൂര്‍: ഇടതുമുന്നണി ഭരണം നടത്തുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ ഇ.പി ലതയ്ക്കെതിരേ യു.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടിസ് നല്കി. വരാണാധികാരിയായ ജില്ലാ കലക്ടര്‍ ടി.വി സുഭാഷിനാണു കോണ്‍ഗ്രസ്, മുസ്ലിംലീഗ് കൗണ്‍സിലര്‍മാര്‍ സംയുക്തമായി ഒപ്പിട്ട് അവിശ്വാസ നോട്ടിസ് നല്‍കിയത്. 26 കൗണ്‍സിലര്‍മാരാണു നോട്ടിസില്‍ ഒപ്പിട്ടത്. വിദേശത്തുള്ള ലീഗ് അംഗം ചാത്തോത്ത് നസ്റത്തും യു.ഡി.എഫിനു പിന്തുണ നല്‍കാമെന്നേറ്റ ഡെപ്യൂട്ടി മേയര്‍ കൂടിയായ സ്വതന്ത്ര അംഗം പി.കെ രാഗേഷും നോട്ടിസില്‍ ഒപ്പുവച്ചിട്ടില്ല. എന്നാല്‍ ഇവരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വോട്ടെടുപ്പിന് എത്തുമെന്നും യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി.
ലീഗ് ജില്ലാകമ്മിറ്റി ഓഫിസില്‍ യോഗം ചേര്‍ന്ന ശേഷമാണു യു.ഡി.എഫ് നേതാക്കളായ ടി.ഒ മോഹനന്, കെ.പി താഹിര്‍, സി.സമീര്‍ എന്നിവര്‍ക്കൊപ്പം കൗണ്‍സിലര്‍മാര്‍ കലക്ടറേറ്റിലെത്തി കലക്ടര്‍ക്കു നോട്ടിസ് നല്‍കിയത്. നോട്ടിസ് ലഭിച്ചാല്‍ 15 പ്രവൃത്തി ദിവസത്തിനകം കൗണ്‍സില്‍ വിളിച്ച് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുകയും വോട്ടെടുപ്പ് നടത്തണമെന്നുമാണു ചട്ടം.
55 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 27 വീതം അംഗങ്ങളാണുണ്ടായിരുന്നത്. പഞ്ഞിക്കയില്‍ ഡിവിഷനില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പി.കെ രാഗേഷ് പിന്തുണച്ചതോടെയാണു പ്രഥമ കോര്പറേഷന് ഭരണം എല്‍.ഡി.എഫിനു ലഭിച്ചത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാഗേഷ് യു.ഡി.എഫിനെയായിരുന്നു പിന്തുണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."