നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട രണ്ടുകിലോ സ്വര്‍ണം ഡി.ആര്‍.ഐ പിടികൂടി രണ്ട് വിമാനത്താവള ജീവനക്കാരടക്കം ആറുപേര്‍ അറസ്റ്റില്‍
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട് കിലോഗ്രാം സ്വര്‍ണം പിടികൂടി. സ്വര്‍ണക്കടത്തുമായി ബന്ധപ്പട്ട് രണ്ട് വിമാനത്താവള ജീവനക്കാരടക്കം ആറ് പേര്‍ ഡി.ആര്‍.ഐയുടെ പിടിയിലായിട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ വിദേശത്ത് നിന്നും സ്വര്‍ണം കടത്തിക്കൊണ്ടു വന്ന യാത്രക്കാരനും മൂന്ന് പേര്‍ ഇയാളില്‍ നിന്നും സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ ഇടനിലക്കാരുമാണ്.
പിടികൂടിയ സ്വര്‍ണത്തിന് 70 ലക്ഷം രൂപയോളം വില വരും. ദുബൈയില്‍ നിന്നും ഇന്നലെ രാവിലെ എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ തിരുവനന്തപുരം വാമനപുരം സ്വദേശി നജീബ് ഇസ്മാഈലാണ് സ്വര്‍ണം കൊണ്ടുവന്നത്. അര കിലോഗ്രാം വീതം തൂക്കമുള്ള നാല് സ്വര്‍ണ ബിസ്‌കറ്റുകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. വിമാനത്തില്‍ നിന്നും ഇറങ്ങിയ ഉടനെ എമിഗ്രേഷന്‍ ഭാഗത്തുള്ള പുകവലിക്കുന്ന മുറിയിലേക്ക് കയറിയ ഇയാള്‍ അവിടെ വച്ച് സ്വര്‍ണ ബിസ്‌കറ്റുകള്‍ ഗ്രൗണ്ട് ഹാന്റ്‌ലിങ് വിഭാഗത്തിലെ ഡ്രൈവര്‍മാരായ പി.എന്‍ മിഥുന്‍, അമല്‍ ഭാസി എന്നിവര്‍ക്ക് കൈമാറുകയായിരുന്നു.
നേരത്തെ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ എത്തിയ ഡി.ആര്‍.ഐ സംഘം ഉടന്‍ തന്നെ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം വാങ്ങിക്കൊണ്ടു പോകുവാന്‍ മൂന്ന് ഇടനിലക്കാര്‍ പുറത്ത് കാത്ത് നില്‍പ്പുണ്ടെന്ന വിവരം ലഭിച്ചത്. ഇവരുടെ ഫോണ്‍ നമ്പറുകള്‍ പിടിയിലായവരില്‍ നിന്നും കൈക്കലാക്കിയ ശേഷം തന്ത്രപരമായി ഇടനിലക്കാരെയും ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വലയിലാക്കുകയായിരുന്നു. തൃശൂര്‍ സ്വദേശികളായ അസീസ്, രാഹുല്‍, ജയകൃഷ്ണന്‍ എന്നിവരാണ് സ്വര്‍ണം ഏറ്റുവാങ്ങാനായി എത്തിയിരുന്നത്. വന്‍ സ്വര്‍ണക്കടത്ത് റാക്കറ്റിലെ കണ്ണികളാണ് പിടിയിലായിരിക്കുന്നതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ ലഭ്യമായ വിവരം. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."