ഉഷയ്ക്ക് പുതിയ വീട് നിര്‍മിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്
ഇരിക്കൂര്‍: ശക്തമായ കാലവര്‍ഷത്തില്‍ വീട് തകര്‍ന്നിട്ടും ആരാലും സഹായിക്കാനില്ലാതെ ദുരിതത്തിലായ ആദിവാസി കുടുംബത്തിന് എസ്.കെ.എസ്.എസ്.എഫിന്റെ സഹായഹസ്തം. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലുവയലില്‍ മാങ്കുഴി ആദിവാസി കോളനിയില്‍ പള്ളത്ത് ഉഷയുടെ വീടാണ് മഴയില്‍ തകര്‍ന്നത്. സുപ്രഭാതം വാര്‍ത്തയിലൂടെ ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയതിനെ തുടര്‍ന്ന് ഉഷ-സിനി ദമ്പതികളുടെ പ്ലാസ്റ്റിക് ഷീറ്റ് മൂടിയ കൂരയ്ക്കു പകരം പുതിയ വീട് നിര്‍മിച്ചു നല്‍കുമെന്ന് എസ്.കെ.എസ്.എസ്.എഫ് ഇരിക്കൂര്‍ മേഖലാ ഭാരവാഹികള്‍ പറഞ്ഞു.
ഉഷക്കും കുടുംബത്തിനും സ്വന്തംപേരില്‍ ഒരു സെന്റ് സ്ഥലം പോലുമില്ല. ഉഷയുടെ അമ്മയുടെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലത്താണ് പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ച ഒരു മുറിയുള്ള ചെറിയ കൂരയില്‍ ഇവര്‍ താമസിച്ചിരുന്നത്. ഈ സ്ഥലത്തിവര്ക്ക് കിണറോ ശുചിമുറിയോ മറ്റു സൗകര്യങ്ങളോ ഇല്ലായിരുന്നു. വീടിന് പഞ്ചായത്ത് നമ്പര്‍ പോലും നല്കാത്തതിനാല് ഇവര്‍ക്ക് റേഷന്‍ സാധനങ്ങളും കിട്ടിയിരുന്നില്ല. ഉഷയും ഭര്‍ത്താവും എട്ടു വയസുള്ള ഒരു കുട്ടിയുമാണ് ഇവിടെ താമസിക്കുന്നത്. രോഗികളായ ഈ ദമ്പതികള്‍ രോഗം കാര്യമാക്കാതെ കൂലിവേല ചെയ്താണ് കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞുകൂടുന്നത്.
പ്രമോട്ടര്‍മാരോ ജനപ്രതിനിധികളോ മറ്റു ഉദ്യോഗസ്ഥരോ ഈ മേഖലയിലേക്ക് വരികയോ കാര്യങ്ങള്‍ അന്വേഷിക്കുകയോ ഇല്ലെന്നും ഇവര്‍ പറയുന്നു. പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്നിട്ടും സര്‍ക്കാരിന്റെയോ മറ്റാരുടെയെങ്കിലുമോ സഹായം കിട്ടിയിട്ടില്ലെന്നും ഉഷയും സിനിയും പറഞ്ഞു. വീട് തകര്‍ന്ന വിവരം അധികൃതരെ അറിയിച്ചപ്രകാരം പഞ്ചായത്ത് മെംബര്‍ വന്ന് പോയതല്ലാതെ നടപടിയൊന്നും ഉണ്ടായില്ല. ആദിവാസി വിഭാഗങ്ങള്‍ക്കു വേണ്ടി കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ടെങ്കിലും ഇതൊന്നും അര്‍ഹരായവര്‍ക്ക് ലഭിക്കാത്തതിന് ഉത്തമ ഉദാഹരണമാണ് ഉഷയുടേത്.
ഇക്കാര്യം സുപ്രഭാതം വാര്‍ത്തയാക്കിയതോടെ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ കുന്നത്ത് മുനീര്‍, കെ.കെ അബ്ദുല്ല ഹാജി ബ്ലാത്തൂര്‍, ഷഫീഖ് കുന്നത്ത്, ഷബീര്‍ ബദരി, ജംഷീര്‍ മണ്ണൂര്‍, റംഷാദ് സിദ്ദീഖ് നഗര്‍, കെ.ആര് അഫ്സല്, ടി.സി ശംസുദ്ദീന്‍, മഹബൂബ് ദാരിമി, റംഷീദ് ആയിപ്പുഴ എന്നിവര്‍ ഉഷയുടെ വീട് സന്ദര്‍ശിച്ചു. പുതിയ വീട് നിര്‍മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടക്കമിട്ടു കഴിഞ്ഞു. ചുരുങ്ങിയ സമയംകൊണ്ട് തന്നെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഏല്‍പ്പിക്കാനാണ് തീരുമാനമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."