കൊമ്പുകോര്‍ത്ത് മുന്നണികള്‍
ചവറ: നീണ്ടകരയിലെ ബിവേറജസ് ഔട്ട്‌ലെറ്റിനെതിരെയുള്ള സമരത്തില്‍ ഒരുവശത്ത് ഇടതുമുന്നണിയും മറുവശത്ത് യു.ഡി.എഫും ബി.ജെ.പിയും കൊമ്പുകോര്‍ത്തതോടെ ചവറയിലെ രാഷ്ട്രീയ പോര് ശ്രദ്ധേയമാകുന്നു. സമരത്തിന് പുതിയ മാനം നല്‍കി ഒരു കാലത്ത് ആര്‍.എസ്.പി നേതാവായിരുന്ന എന്‍ വിജയന്‍പിള്ളയും ആര്‍.എസ്.പിയും തമ്മിലുള്ള ഏറ്റുമുട്ടലിനും വേദിയായി. നീണ്ടകരയില്‍ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ വീട്ടിനുള്ളില്‍ യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് കൊടികുത്തിസമരം ചെയ്യിപ്പിച്ചതിനു പിന്നില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആണെന്ന് എന്‍ വിജയന്‍പിളള എം.എല്‍.എ ആരോപിച്ചു.
നീണ്ടകര വെളിത്തുരുത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നതിനെതിരെ സമരാനുകൂലികളോടൊപ്പമായിരുന്നു താനും. ഇത് സമരാനുകൂലികള്‍ക്ക് നേരിട്ടറിവുള്ളതാണ്. അങ്ങനെ ഔട്ട്‌ലെറ്റ് പലതവണ അടപ്പിക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി വിധി വന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഔട്ട്‌ലെറ്റ് തുറക്കാന്‍ ബെവ്‌കോ നടപടി സ്വീകരിച്ചത്. എം.എല്‍.എആയ തനിക്ക് ഹൈക്കോടതി വിധിയെ മറികടക്കാന്‍ കഴിയില്ല. കേരളത്തിലെ പലപ്രദേശങ്ങളിലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിച്ചതിനെതിരെ സമരം നടന്നിട്ടുണ്ട്. അവിടെയെങ്ങും സമരക്കാര്‍ എം.എല്‍.എ മാരുടെ വീട്ടിനുള്ളില്‍ പോയി സമരം നടത്തിയതായി കേട്ടറിവ് പോലുമില്ലെന്നു വിജയന്‍പിള്ള പറഞ്ഞു.
ഏതാവശ്യത്തിനും എപ്പോള്‍ വേണമെങ്കിലും തന്നെ വന്നുകാണാമെന്നു പറഞ്ഞത് ശരിയാണ്. ഗേറ്റ് അടയ്ക്കാറില്ല, പട്ടിയെ വളര്‍ത്തുന്നില്ല. അതിന്റെ പേരില്‍ വീട്ടിനുള്ളില്‍ സ്ത്രീകളെയും കുട്ടികളെയും കൊണ്ടുവന്ന് കൊടികുത്തി താനില്ലാത്ത സമയത്ത് സമരം ചെയ്യാന്‍ നിര്‍ദ്ദേശം കൊടുത്ത രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയും. എം.എല്‍.എയുടെ വീടിനകത്ത് സമരം ചെയ്യുക, ദേശീയപാത ഉപരോധിക്കുക, പിന്നെ മദ്ധ്യസ്ഥനാവുക, ബി.ജെ.പിയുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിക്കുക, സ്‌കൂള്‍ തുറക്കുന്ന ദിവസം ജനങ്ങളെ ബുദ്ധിമുട്ടിക്കുക തുടങ്ങിയവയ്ക്ക് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി യാണ് നേതൃത്വം നല്‍കിയത്. കുറച്ചുനാളായി ചവറയില്‍ സമാധാനജീവിതം തകര്‍ക്കാന്‍ വേണ്ടി സമരം സംഘടിപ്പിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ ചവറയില്‍ വാര്‍ഡ്‌തോറും നടന്ന് തന്നെ ആക്ഷേപിച്ചിരുന്നു. ആ ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പ്രവര്‍ത്തകരെയും ആക്ഷേപിക്കാറില്ല. തന്റെ പൊതുജീവിതത്തില്‍ വ്യക്തിപരമായ അധിക്ഷേപത്തിന് ഇടം കൊടുക്കാറില്ല. തുടര്‍ന്നും ഉദ്ദേശമില്ല, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ചവറയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതില്‍ നടത്തിയ പരിശ്രമങ്ങളും പലരെയും വിറളി പിടിപ്പിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിജയന്‍പിള്ളയുടെ പ്രസ്താവനക്കെതിരെ യു.ഡി.എഫും രംഗത്തുവന്നിട്ടുണ്ട്. വരുംദിവങ്ങളില്‍ ബിവറേജസ് സമരം ജില്ലയില്‍ ഇടതു-വലതു മുന്നണികളുടെ പോരിനു വേദിയാകും. വിജയന്‍പിള്ളക്കു പിന്തുണയുമായി സി.പി.എം രംഗത്തുണ്ട്. എന്‍.കെ പ്രേമചന്ദ്രനെ പിന്തുണച്ച് യു.ഡി.എഫും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."