അറഫാത്ത്, മിന മാപ്പ് ഇന്ത്യന്‍ ഹജ്ജ് മിഷന് പുറത്തിറക്കി
മക്ക: വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന പുണ്യനഗരികളായ മിനയിലെയും ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മങ്ങള്‍ നടക്കുന്ന അറഫാത്തിലെയും ഇന്ത്യന്‍ ഹാജിമാരുടെ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന മാപ്പ് ഇന്ത്യന്‍ ഹജ്ജ് മിഷന് പുറത്തിറക്കി.
ഇന്ത്യന്‍ ഹജ്ജ് മിഷന് ഹാജിമാരുടെയും സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ മാപ്പുകളാണ് ഇന്ത്യന്‍ ഹജ്ജ് മിഷന് പുറത്തിറക്കിയത്.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെബ്സൈറ്റില്‍ ഇവ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മിനായില്‍ അല്‍ഖൈഫ് മസ്ജിദിന് സമീപത്ത് നിന്നും തുടങ്ങി കിംഗ് ഫൈസല്‍ വരേ നീണ്ടുകിടക്കുന്ന വിശാലമായ സ്ഥലങ്ങളിലാണ് ഇന്ത്യന്‍ ഹാജിമാരുടെ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഇതിനിടയില്‍ വളരെ അടുത്തായി പ്രധാനപ്പെട്ട രണ്ടു മെട്രോ സ്റ്റേഷനുകളും അല്പം അകലെയായി മൂന്നാം നമ്പര്‍ മെട്രോ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത് മെട്രോ ഉപയോഗിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസകരമാകും.
അല്‍ഖൈഫ് പള്ളിക്കു സമീപമുള്ള മിന ജനറല്‍ ആശുപത്രിയും ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഏറെ സൗകര്യമാകും.
മെട്രോ സ്റ്റേഷനുകള്‍ക്കും പ്രധാനപ്പെട്ട റോഡുകള്‍ക്ക് സമീപത്തുമായാണ് ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ടെന്റുകള്‍ സജ്ജീകരിച്ചിരിക്കുന്നതെന്നതിനാല് ജംറകളില്‍ കല്ലെറിയാന്‍ പോകുന്നതിനും മുസ്ദലിഫയിലേക്ക് പോകുന്നതിനും ഇത് ഏറെ ആശ്വാസം നല്‍കും.
അറഫയില്‍ പ്രധാന ചടങ്ങുകള്‍ നടക്കുന്ന മസ്ജിദു നമിറയില്‍ നിന്നും വളരെ അകലെയായാണ് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കുള്ള സ്ഥലം നിജപ്പെടുത്തിയിരിക്കുന്നത്. നമിറ പള്ളിക്ക് സമീപം ജമാറാത്ത് റോഡ് 56 നു സമീപത്തായി രണ്ടു കേന്ദ്രങ്ങള്‍ മാത്രമാണുള്ളത്.
എന്നാല്‍ കൂടുതല്‍ കേന്ദ്രങ്ങളും റോഡ് നമ്പര്‍ 83 നും 91 നും ഇടയിലായാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍, ഈ ഭാഗത്തെ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് ഇതിനു ഏകദേശം സമീപത്തായി നിലകൊള്ളുന്ന മെട്രോ സ്റ്റേഷനും പ്രധാനപ്പെട്ട റോഡുകളും ഉപയോഗിക്കാന്‍ സാധിക്കുമെന്നത് ഏറെ ആശ്വാസകരമാണ്.
റോഡ് നമ്പര്‍ 79 നും 83 നും ഇടയിലുള്ള ഏതാനും ഹാജിമാര്‍ക്ക് ജബലുറഹ്മക്ക് സമീപമാണെന്നതിനാല് ഇവിടെ കയറി പ്രാര്‍ഥനകളില്‍ മുഴുകാന്‍ ഇവര്‍ക്ക് ഏറെ സൗകര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."