ഭക്ഷണ പാനീയങ്ങളുടെ നിരക്ക് കുത്തനെ കൂട്ടി റെയില്‍വേ
അഷറഫ് ചേരാപുരം
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ ചായക്കും കാപ്പിക്കും വില കൂട്ടിയതിനു പുറമേ പലഹാരത്തിനും വിലകൂട്ടി. ചായ, കാപ്പി തുടങ്ങിയവയുടെ വില ഐ.ആര്‍.സി.ടി.സി ഈയിടെ പുനര്‍നിര്‍ണയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് റെയില്‍വേ സ്റ്റേഷനുകളിലെ ടീ സ്റ്റാളുകളും ചായ വില്‍പ്പനക്കാരും പലഹാരങ്ങളുടെ വില കൂട്ടിയതായാണ് യാത്രക്കാര്‍ പരാതി പറയുന്നത്.
വില കൂട്ടിയതല്ലാതെ സാധനങ്ങളുടെ ഗുണനിലവാരത്തില്‍ മെച്ചമൊന്നും ഉണ്ടായിട്ടില്ലെന്നും യാത്രക്കാര്‍ പറയുന്നു. ചായക്ക് ഏഴു രൂപയില്‍നിന്ന് പത്ത് രൂപയാക്കിയാണ് വര്‍ധന വരുത്തിയത്. 150 മില്ലി ചായ ടീബാഗോടുകൂടി നല്‍കണമെന്നാണ് വിലകൂട്ടിയപ്പോള്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പല സ്റ്റേഷനുകളിലും ഇത് പാലിക്കപ്പെടുന്നില്ല. മാത്രമല്ല നല്‍കുന്ന ചായയുടെ അളവിലും ഗുണത്തിലും കുറവുള്ളതായാണ് പരാതി.
ചായക്കൊപ്പം വില്‍ക്കുന്ന സമൂസ, വട, പഴംപൊരി തുടങ്ങിയവക്കെല്ലാം മിനിമം പത്തു രൂപയായിക്കഴിഞ്ഞു. സ്റ്റാളുകളില്‍ മറ്റു ചില പലഹാരങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്.
റെയില്‍വേയില്‍ ചായയുടെയും പലഹാരത്തിന്റെയും വില വര്‍ധിപ്പിക്കാന്‍ അനുമദി നല്‍കണമെന്നാവശ്യപ്പെട്ട് ഐ.ആര്‍.സി.ടി.സി റെയില്‍വേ ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 18നാണ് ചായ, കാപ്പി വില കൂട്ടി സര്‍ക്കുലര്‍ ഇറക്കിയത്. നിലവില്‍ 350 തീവണ്ടികളിലാണ് ഐ.ആര്‍.സി.ടി.സിയുടെ പാന്‍ട്രി കാറുള്ളത്. റെയില്‍വേ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് അഞ്ചു രൂപയുടെ ഗുണിതങ്ങളായി വില നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം. ഇതോടെയാണ് ചായക്കും കാപ്പിക്കും പത്തു രൂപയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."