പരസ്പരം പഴിചാരി അമേരിക്കയും ചൈനയും 'കറന്‍സി യുദ്ധം'
ബെയ്ജിങ്: ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ പുതിയ 'ഏറ്റുമുട്ടലുകള്‍'. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ നേരിടാന്‍ തങ്ങളുടെ കറന്‍സിയായ യുവാന്റെ മൂല്യം ചൈന മനഃപൂര്‍വം കുറച്ചിരിക്കുകയാണെന്നാണ് ആരോപണം. ഡോളറിനെതിരേ യുവാന്റെ മൂല്യം താഴെപ്പോയതു രൂപയുടെ മൂല്യം ഇടിയുന്നതിനും കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ചൈനയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി അമേരിക്ക രംഗത്തെത്തിയത്. ചൈനയെ 'കറന്‍സി മാനിപ്പുലേറ്റര്‍' എന്നു വിശേഷിപ്പിച്ച് രംഗത്തെത്തിയ അമേരിക്ക, ചൈന നോട്ട്തട്ടിപ്പ് നടത്തുന്നുവെന്നും ആരോപിച്ചിരുന്നു.
തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ഉയര്‍ന്ന തീരുവ ചുമത്തിത്തുടങ്ങിയതോടെ യുവാന്റെ മൂല്യംചൈന മനഃപൂര്‍വം കുറയ്ക്കുകയാണെന്നായിരുന്നു ആരോപണം.
കഴിഞ്ഞ ദിവസം ഒരു ഡോളറിന് ഏഴ് എന്ന നിലയിലാണ് യുവാന്‍. ഇതിനു മുന്‍പ് യുവാന്‍ ഇത്രത്തോളം താഴ്ന്നത് ലോക സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു കൂപ്പുകുത്തിയ 2008 മെയ് മാസത്തിലായിരുന്നു. ഡോളറിനെതിരേ യുവാന്റെ മൂല്യം ഇടിയുന്നതു ചൈനീസ് കയറ്റുമതിക്കാര്‍ക്കു നേട്ടമുണ്ടാക്കും. യു.എസ് ചുമത്തിയിരിക്കുന്ന തീരുവയുടെ നഷ്ടങ്ങള്‍ ഇതുമൂലം മറികടക്കാനുമാകും. ഇതോടെയാണ് ചൈനയ്‌ക്കെതിരേ ആരോപണവുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.
1.1 ട്രില്യന്‍ ഡോളറിന്റെ യു.എസ് ട്രഷറി ഹോള്‍ഡിങ്‌സ് കൈവശമുള്ള ചൈന യു.എസിന്റെ വലിയ ഫോറിന്‍ ക്രെഡിറ്ററാണ്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു തീരുവ ചുമത്താനുള്ള തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ലംഘനമാണെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."