പകര്‍ച്ചപ്പനി വ്യാപകം: ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമാവുന്നില്ലെന്ന് പരാതി
പേരാമ്പ്ര: ഗ്രാമമേഖലകളില്‍ പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ ശുചീകരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കണമെന്ന ആവശ്യമുയര്‍ന്നു. പേരാമ്പ്ര, കൂത്താളി ,കോട്ടൂര്‍ കൂരാച്ചുണ്ട് പഞ്ചായത്തുകളിലാണ് പകര്‍ച്ചപ്പനി പടരുന്നത് .
പല പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന പരാതിയുണ്ട്. വിശാലമായ മേഖലയുള്ള കൂത്താളി പി.എച്.സിയില്‍ കിടത്തി ചികത്സക്കുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യവും ശക്തമാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രോഗികളെക്കൊണ്ട് നിറയുകയാണ്.കൂത്താളി, പേരാമ്പ്ര കടിയങ്ങാട്, അഞ്ചാം പീടിക ഭാഗങ്ങളിലുള്ളവരാണ് ഇവിടെ ചികിത്സക്കെത്തിയത്. കൂത്താളിയിലെ കേളന്‍ മുക്ക്, കുഞ്ഞോത്ത് മേഖലയില്‍ പനി പടരുകയാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 16 പേര്‍ക്ക് ഡെങ്കിപ്പനിയുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്.
കടുത്ത പനി കാരണം കഴിഞ്ഞ ദിവസങ്ങളില്‍ പലരേയും മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പല ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാവുന്നില്ലെന്ന് ആരോപണവുമുണ്ട്. ഓരോ വാര്‍ഡിലും ഇതിന് വേണ്ടി 25000 രൂപയോളം സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ടെങ്കിലും ചില ഉദ്യോഗസ്ഥര്‍ താല്‍പര്യമെടുക്കുന്നില്ലെന്നാണ് പരാതി. കൂത്താളി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ശുചീകരണം നടന്നില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
നേരത്തെ വാര്‍ഡില്‍പ്പെട്ട കിഴക്കന്‍ പേരാമ്പ്രയിലെ ചായികുളം, പുറയങ്കോട് പ്രദേശത്ത് പനിയും മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്തതാണ്. ഇവിടെയുള്ള ജില്ലയിലെ തന്നെ പ്രധാന ജലസംഭരണി ശോച്യാവസ്ഥയിലാണ്. ഇത് നന്നാക്കാന്‍ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ കനിഞ്ഞില്ലെന്ന് ആക്ഷേപമുയര്‍ന്നു. അതിനിടെ ഡെങ്കിയും പകര്‍ച്ചപ്പനിയും വ്യാപകമായ കൂരാച്ചുണ്ട് മേഖലയിലെ സി.എച്ച്.സി യില്‍ ഒരു ഡോക്ടറെ കൂടി നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."