സുഖോയ് വിമാനപകടം: ഫൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തും
പന്തീരാങ്കാവ്: പരിശീലന പറക്കലിനിടെ സുഖോയ്-30 വിമാനം തകര്‍ന്നുവീണ് മരിച്ച ഫൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവിന്റെ ( 27) മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തും. തിരുവനന്തപുരം ശ്രീകാര്യത്തില്‍ പോങ്ങുംമുട്ടിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് പന്തീരാങ്കാവിലുള്ള സ്വവസതിയിലേക്ക് കൊണ്ടുവരിക.
അച്ചുവിന്റെ ജന്മനാടായ പന്നിയുര്‍ക്കുളത്തെ മേലെ താന്നിക്കാട്ട് വീട്ടില്‍ രാവിലെ 11 മുതല്‍ മുന്നുവരെ പൊതുദര്‍ശനത്തിന് വയ്ക്കും. കഴിഞ്ഞ മെയ് 23നാണ് പരിശീലന പറക്കലിനിടെ സുഖോയ് 30 വിമാനം അരുണാചല്‍പ്രദേശില്‍ കാണാതായത്. കനത്ത മഴ കാരണം തിരച്ചില്‍ പലതവണ തടസപ്പെട്ടെങ്കിലും രണ്ടു ദിവസത്തിനു ശേഷം വിമാനാവശിഷ്ടങ്ങളും ബ്ലാക്ക് ബോക്‌സും വനത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു.
അച്ചുദേവും ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡര്‍ ദിവേഷ് പങ്കജുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടും രണ്ടു പേരെക്കുറിച്ചും ഒരു വിവരവും ലഭിച്ചിരുന്നില്ല. വിമാനം കാണാതായ വിവരം ലഭിച്ചയുടന്‍ തിരുവനന്തപുരത്ത് താമസിക്കുന്ന അച്ചുദേവിന്റെ അച്ഛനും അമ്മയും അസമിലെ തേസ്പുരില്‍ എത്തിയിരുന്നു.
അച്ചുദേവിന്റെയും ദിവേഷ് പങ്കജിന്റെയും മരണം വ്യോമസേന സ്ഥിരീകരിച്ചത് ബുധനാഴ്ചയാണ്. പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് അച്ചുദേവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. ഭൗതികശരീരം വൈകിട്ട് മൂന്നിനു സൈനിക ബഹുമതികളോടെ വീടിന് തൊട്ടടുത്തുള്ള കുടുംബ ശ്മശാനത്തില്‍ സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."