പതിനെട്ടു ലക്ഷം വിദേശ ഹാജിമാര്‍ പുണ്യഭൂമിയില്‍; ആഭ്യന്തര ഹാജിമാരുടെയും യാത്ര തുടങ്ങി
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പതിനെട്ടു ലക്ഷത്തോളം വിദേശ ഹാജിമാര്‍ പുണ്യഭൂമിയില്‍ എത്തിച്ചേര്‍ന്നു.
ചൊവ്വാഴ്ച സഊദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ച കണക്കു പ്രകാരം 17,750,67 തീര്‍ഥാടകര്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 1,17,223 അധികം തീര്‍ഥാടകരാണ് എത്തിയിട്ടുള്ളത്. ഇതുവരെ പുണ്യ ഭൂമിയിലെത്തിയവരില്‍ 16,649,74 തീര്‍ഥാടകര്‍ വ്യോമ മാര്‍ഗവും 92,844 ഹാജിമാര്‍ റോഡ് മാര്‍ഗവും 17,249 തീര്‍ഥാടകര്‍ കപ്പല്‍ മാര്‍ഗവുമാണ് എത്തിച്ചേര്‍ന്നത്.
ഇന്ത്യന്‍ തീര്‍ഥാടകരില്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ 1,39,291 തീര്‍ഥാടകരാണ് ഇന്നലെ വരെ എത്തിച്ചേര്‍ന്നത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി 47,538 തീര്‍ഥാടകരും മക്കയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഇതോടെ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 1,86,829 ഇന്ത്യന്‍ തീര്‍ഥാടകരാണ് മക്കയിലെത്തിച്ചേര്‍ന്നതെന്നു ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ ഹാജിമാര്‍ സന്തുഷ്ടരാണ്.
സഊദിയില്‍ നിന്നുള്ള ആഭ്യന്തര ഹാജിമാര്‍ ഇന്നലെ മുതല്‍ പുണ്യ ഹജ്ജ് കര്‍മം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. മക്കയില്‍നിന്ന് ഏറെ അകലെയുള്ള പ്രദേശങ്ങളിലെ തീര്‍ഥാടകരാണ് ഇന്നലെ രാവിലെ മുതല്‍ വിശുദ്ധ ഹജ്ജ് കര്‍മത്തിനു യാത്ര പുറപ്പെട്ടത്. കിഴക്കന്‍ പ്രവിശ്യയില്‍നിന്നുള്ള തീര്‍ഥാടകര്‍ മദീന സന്ദര്‍ശനമാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കുക.
തുടര്‍ന്നാണ് ഇവര്‍ മക്കയിലേക്ക് ഹജ്ജ് കര്‍മത്തിനായി നീങ്ങുക. എന്നാല്‍ മക്കയിലേക്ക് നേരിട്ടു പോകുന്ന തീര്‍ഥാടകര്‍ ഉദ്ദേശിച്ച സമയത്ത് മക്കയില്‍ എത്തിച്ചേരുകയാണെങ്കില്‍ ഇവര്‍ മക്കയില്‍ പ്രവേശിച്ച ഉടന്‍ ഖുദൂമിന്റെ ത്വവാഫ് ശേഷമായിരിക്കും മിനായിലേക്ക് പുറപ്പെടുക.
തിരക്കുകളിലും മറ്റുംപെട്ട് നിശ്ചിത സമയത്തിനുള്ളില്‍ മക്കയില്‍ എത്തിച്ചേരാന്‍ കഴിയാത്തവരും മക്കാ നിവാസികളായ ഹാജിമാരും നേരെ ടെന്റുകള്‍ ലക്ഷ്യമാക്കി യാത്ര തിരിക്കും.
വെള്ളിയാഴ്ചയാണ് ഹജ്ജിനു തുടക്കമാകുകയെങ്കിലും തിരക്കൊഴിവാക്കാനായി വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ ഹാജിമാര്‍ മിനായിലേക്ക് യാത്ര തുടങ്ങും. ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരോട് വ്യാഴാഴ്ച രാത്രി പുറപ്പെടുന്നതിനായി തയാറെടുക്കാനാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നല്‍കിയ നിര്‍ദേശം.
അസീസിയ ബസ് സര്‍വിസ് നിര്‍ത്തിവച്ചു
മക്ക: തിരക്കു വര്‍ധിച്ചതോടെ അസീസിയയില്‍നിന്നു ഹറം പള്ളിയിലേക്ക് സജ്ജീകരിച്ച ബസ് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന ബസ് സര്‍വിസ് ട്രാഫിക് വിഭാഗത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നിര്‍ത്തിവച്ചത്. ഇനി ഹജ്ജിനു ശേഷമായിരിക്കും ബസ് സര്‍വിസുകള്‍ പുനരാരംഭിക്കുന്നത്.
നേരത്തെ ഇവിടെയെത്തിയ ഹാജിമാര്‍ ഉംറ തീര്‍ഥാടനം പൂര്‍ത്തിയാക്കിയത് ആശ്വാസം നല്‍കുന്നുണ്ട്. ബസുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഇനി ഹറം പള്ളിയിലേക്ക് പോകുന്നതിനു ഏറെ ത്യാഗങ്ങള്‍ നേരിടേണ്ടി വരും. തീര്‍ഥാടകര്‍ വര്‍ധിച്ചതിനാലും പുതുതായി മക്കയിലെത്തുന്ന ഹാജിമാര്‍ക്ക് ഉംറ നിര്‍വഹിക്കാനുമുള്ള സൗകര്യം ഉണ്ടാക്കുന്നതിന്റെയും ഭാഗമായാണ് അധികൃതരുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."