അരനൂറ്റാണ്ടിനപ്പുറവും ചൂടോടെ... എലത്തൂരുകാരുടെ കോഴിക്കഞ്ഞി
കോഴിക്കോട്: അരനൂറ്റാണ്ടിലേറെ കാലത്തെ പഴക്കമുണ്ട് റമദാനിലെ എലത്തൂരുകാരുടെ പ്രത്യേക വിഭവമായ കോഴിക്കഞ്ഞിക്ക്. 1967-ലാണ് ബര്‍മയില്‍ നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ ആച്ചാംപുറത്ത് മമ്മദ് കോയ ഹാജി എലത്തൂര്‍ നിവാസികള്‍ക്കായി സൗജന്യ കോഴിക്കഞ്ഞി വിതരണം ആരംഭിച്ചത്. ബര്‍മയില്‍ ബിസിനസുകാരനായിരുന്നു മമ്മദ് കോയ ഹാജിയും സഹപ്രവര്‍ത്തകരും അന്ന് അവിടെയും നോമ്പ് സമയത്ത് ഇതരനാട്ടുകാര്‍ക്ക് കോഴിക്കഞ്ഞി വിതരണം ചെയ്യുമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രവാസത്തിന് ശേഷവും മമ്മദ് ഹാജി സ്വന്തം നാട്ടില്‍ ഇത് തുടര്‍ന്നത്.
വീട്ടില്‍നിന്ന് തുടങ്ങിയ കഞ്ഞി വിതരണം ജനപ്രിയമായപ്പോള്‍ പിന്നീട് ജുമുഅത്ത് പള്ളിയില്‍ നിന്നാക്കുകയായിരുന്നു. ഇടതടവില്ലാതെ ശവ്വാല്‍ മാസപ്പിറവി കാണുന്നതു വരെ മമ്മദ് ഹാജി കഞ്ഞി വിതരണം തുടര്‍ന്നു. ബര്‍മയിലെ പ്രധാന വിഭവമായതിനാല്‍ ആദ്യമൊക്കെ എലത്തൂരുകാര്‍ ഇതിനെ 'ബര്‍മക്കഞ്ഞി' എന്നാണ് വിളിച്ചിരുന്നത്. പതിനഞ്ചു വര്‍ഷത്തിന് മുന്‍പ് മമ്മദ് ഹാജി മരിച്ചപ്പോള്‍ തന്റെ മൂന്ന് ആണ്‍മക്കളോടും അദ്ദേഹം ഒസ്യത്ത് നല്‍കിയിരുന്നു...'റമദാനിലെ കഞ്ഞി വിതരണം മുടങ്ങരുത് '. പിതാവിന്റെ മരണശേഷം മക്കളായ അബ്ദുറഹ്മാന്‍ ഹാജിയും അബ്ദുല്‍ ഖാദര്‍ ഹാജിയും അബ്ദുല്‍ റഊഫും കുടുംബ ചരിത്രത്തിന്റെ ഭാഗമായ കോഴിക്കഞ്ഞി വിതരണം ഏറ്റെടുത്തു. സാധാരണ കഞ്ഞിയില്‍ നിന്ന് വ്യത്യസ്തമായി ഔഷധഗുണമുള്ളതാണ് കോഴിക്കഞ്ഞി.
പച്ചരി, കോഴിയിറച്ചി, ഇഞ്ചി, ഏലക്ക, തേങ്ങാപാല്‍, കടലപ്പരിപ്പ്, ഉള്ളി, കുരുമുളക്, മഞ്ഞള്‍, നെയ്യ്, കറിവേപ്പില തുടങ്ങി ബിരിയാണിയില്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക എല്ലാ ചേരുവകളും ഇതില്‍ ഉപയോഗിക്കുന്നുണ്ട്. അഞ്ചു ജോലിക്കാരെ വച്ച് രാവിലെ പത്തിന് പാചകം തുടങ്ങിയാല്‍ വൈകിട്ട് അസര്‍ ബാങ്ക് കൊടുക്കുന്ന സമയത്താണ് കോഴിക്കഞ്ഞി തയാറാവുക. എലത്തൂര്‍ ജുമുഅ മസ്ജിദില്‍ അസര്‍ നിസ്‌കാര ശേഷം കോഴിക്കഞ്ഞി വിതരണം ചെയ്യും. കൂടാതെ മഹല്ലിലെ ഏഴോളം പള്ളികളിലും ഇന്നു വിതരണം ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാദറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു വരെ പലരും ഇവിടേക്കെത്തൊറുണ്ട്. എലത്തൂരില്‍ നിന്ന് പുതിയാപ്പിളമാര്‍ നോമ്പ് തുറക്കായി പോവുമ്പോള്‍ ഭാര്യവീട്ടിലേക്ക് കോഴിക്കഞ്ഞി കൊണ്ടുപോകുന്നത് ഇവിടുത്തെ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഒരു ദിവസം ഏകദേശം പതിനായിരത്തോളം രൂപയും 30 ദിവസത്തേക്ക് രണ്ടു ലക്ഷത്തിലധികം രൂപയും ഇതിനായി ചെലവ് വരുമെന്ന് മമ്മദ് ഹാജിയുടെ മൂത്തമകനായ അബ്ദുറഹ്മാന്‍ ഹാജി സുപ്രഭാതത്തോട് പറഞ്ഞു. നാട്ടുകാരും കുടുംബാംഗങ്ങളും സഹായം നല്‍കുന്നതിനാല്‍ ഇതുവരെയും കഞ്ഞി വിതരണം മുടങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."