'കരുണ'കാന്‍സര്‍ ആശുപത്രിയില്‍ ഡയാലിസിസ് സംവിധാനം ഒരുങ്ങി
തിരൂരങ്ങാടി: നിര്‍ധന കാന്‍സര്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട സൗജന്യ ചികിത്സ നല്കി വരുന്ന പതിനാറുങ്ങല്‍ 'കരുണ' കാന്‍സര്‍ ആശുപത്രിയില്‍ ഡയാലിസിസ് സംവിധാനമൊരുങ്ങി. ജനങ്ങള്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് നാലര കോടി രൂപ ചിലവില്‍ 30 യൂനിറ്റുകളോടെ ബൃഹത്തായി ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തില്‍ രണ്ട് കാറ്റഗറികളാക്കിയാണ് ചികിത്സ ഉദ്ദേശിക്കുന്നത്. പത്ത് മെഷിന് നിര്‍ധനര്‍ക്ക് സൗജന്യ നിരക്കിലും ബാക്കിയുള്ളവക്ക് ചെലവുകള്‍ മാത്രം ഈടാക്കിയും പ്രവര്‍ത്തിക്കും. പ്രതിദിനം 90 രോഗികള്‍ക്ക് ഡയാലിസിസ് നടത്താന്‍ സാധിക്കുമെന്നും ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കാന്‍ മാത്രം പ്രതിദിനം ഒന്നേകാല്‍ ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
നെഫ്രോളജിസ്റ്റ്, ആര്.എം.ഒ, ഫിസിഷ്യന്‍, 45ഓളം സ്റ്റാഫുകളെയും പുതുതായി നിയമിച്ചിട്ടുണ്ട്. ഇന്‍ഡഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ ഹുഡ് (ഐ.എം.ബി) ചെമ്മാട് ചാപ്റ്ററിന്റെ കീഴില്‍ 2013ലാണ് പള്ളിപ്പടിയില്‍ കരുണ കാന്‍സര്‍ ഹോസ്പിറ്റല്‍ & റിസര്‍ച് സെന്റര്‍ ആരംഭിച്ചത്.
മാനസിക രോഗികള്‍ക്കും ചികിത്സയും നല്‍കിവരുന്നുണ്ട്. കിടത്തി ചികിത്സയും ഭക്ഷണവും മരുന്നും തികച്ചും സൗജന്യമായി നല്കി വരുന്ന ഇവിടെ പാവപ്പെട്ട രോഗികള്‍ക്ക് ഭക്ഷ്യ കിറ്റ് എല്ലാ മാസവും വിതരണം ചെയ്തുവരുന്നുണ്ട്, കൂടാതെ എക്സ്റേ, സ്കാന്‍, മാമോഗ്രാഫി, ഫാര്‍മസി, തുടങ്ങിയ ആധുനിക ചികിത്സ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ഡയാലിസിസ് സെന്ററിലേക്കുള്ള അപേക്ഷകള്‍ 'കരുണ'യില്‍ ലഭ്യമാണ്.
സംഭാവനകള്‍ (കനറാ ബാങ്ക് ചെമ്മാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ 0825101072024, ഐ.എഫ്.എസ്.സി കോഡ്: സി.എന്‍.ആര് 80000825) സ്വീകരിക്കുമെന്നും ചെയര്മാന് ഡോ. പി. അബൂബക്കര്‍, സെക്രട്ടറി പി.എം ശാഹുല്‍ ഹമീദ്, ട്രഷറര്‍ ഡോ. എം. വി സൈതലവി, വൈസ് പ്രസിഡന്റ് വി.വി സുലൈമാന്‍, എം.ടി റഹ്മത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."