തൃക്കാക്കര നഗരസഭയില്‍ 65 കോടിയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കി
കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ 2016-17 വര്‍ഷം വിവിധ മേഖലകളിലായി 65 കോടിയുടെ പദ്ധതികള്‍ക്ക് വികസന സെമിനാറില്‍ രൂപം നല്‍കി. ഇന്നലെ കാക്കനാട് നഗരസഭാ കമ്മ്യൂണിറ്റിഹാളില്‍ നടന്ന വികസന സെമിനാറിലാണ് തീരുമാനം. നേരത്തെ നഗരസഭയുടെ 43 വാര്‍ഡു സഭകളില്‍ ചര്‍ച്ച ചെയ്തു വിവിധ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. അതിനുശേഷം 13 വര്‍ക്കിങ്ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തു അംഗീകരിച്ചു. ഈ പദ്ധതികളാണ് തിങ്കളാഴ്ചത്തെ വികസന സെമിനാറില്‍ അവതരിപ്പിച്ചത്. വിശദമായ ചര്‍ച്ചയ്ക്കു ശേഷമാണ് 65 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് രൂപരേഖയായത്.
വര്‍ക്കിങ് ഗ്രൂപ്പില്‍ രൂപപ്പെടുത്തിയ പദ്ധതികള്‍ക്ക് വികസന സെമിനാറില്‍ ചെറിയ ഭേദതഗതികള്‍ വരുത്തിയിരുന്നു. 15 കോടി രൂപയുടെ പ്ലാന്‍ ഫണ്ടും 50 കോടി രൂപയുടെ തനത് ഫണ്ടും ചേര്‍ന്നതാണ് നഗരസഭയുടെ 65 കോടി രൂപയുടെ വാര്‍ഷിക പദ്ധതി.
നേരത്തെ പ്രഖ്യാപിച്ച പല പദ്ധതികളും മുന്‍ഗണന അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ഈ സമ്പാത്തിക വര്‍ഷം ഫണ്ട് നീക്കി വെയ്ക്കും. നഗരസഭ ഓഫീസ് ഡിജിറ്റലൈസേഷന്‍, പാര്‍പ്പിട പദ്ധതി. മാലിന്യ സംസ്‌കരണം, സ്റ്റേഡിയം നവീകരണം, ശ്മശാന ആധുനികവല്‍ക്കരിക്കല്‍, പഴങ്ങാട്ട് ചാല്‍, നഗരസഭയ്ക്ക് പുതിയ ആസ്ഥാന മന്ദിരവും ബസ് ടെര്‍മിനലും വാണിജ്യ സമുച്ചയവും തുടങ്ങിയ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം തുടക്കം കുറിക്കാനാണ് തീരുമാനം.
നഗരസഭാ പരിധിയിലെ രണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും സൗകര്യം വിപുലീകരിക്കും. 30,000 പേര്‍ക്ക് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നതാണ് സര്‍ക്കാര്‍ നയമെങ്കിലും തൃക്കാക്കരയില്‍ ഒരു ലക്ഷത്തോളം പേരാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ളത്. ഇതിനാനുസൃതമായി ഇവയുടെ സൗകര്യം വിപുലീകരിക്കും. അത്‌ലറ്റിക് മത്സരങ്ങള്‍ക്കും ഇതര കായിക ഇനങ്ങള്‍ക്കും വേദിയാക്കാനാകും വിധം മുന്‍സിപ്പല്‍ സ്റ്റേഡിയം വികസപ്പിക്കും. നിര്‍ദ്ധനര്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കാനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്.
സ്മാര്‍ട്ട് സിറ്റി, ഇന്‍ഫോപാര്‍ക്ക് എന്നിവയ്ക്ക് സമീപത്തെ പഴങ്ങാട്ട് ചാല്‍ വികസിപ്പിച്ച് വിനോദ കേന്ദ്രം സ്ഥാപിക്കും. അത്താണിയിലെ പൊതുശ്മശാനം ആധുനിക വല്‍ക്കരിക്കും. ഒരേസമയം മൂന്ന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാണു സൗകര്യമൊരുക്കുക. ഫല്‍റ്റുകള്‍ ഉള്‍പ്പെടെയുള്ള പാര്‍പ്പിട സമുച്ചയങ്ങളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ സൗകര്യമില്ലാത്ത കുടുംബങ്ങള്‍ക്ക് ശ്മശനത്തോടനുബന്ധിച്ച് അതിനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും പദ്ധതിയിലുണ്ട്. വികസന സെമിനാര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് അധ്യക്ഷതവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."