മരക്കൊമ്പ് വീണ് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരുക്ക്
നെടുമ്പാശ്ശേരി: റോഡരികിലെ മരക്കൊമ്പ് ഒടിഞ്ഞു വീണ് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകീട്ട് നാല് മണിയോടെ അത്താണി മാഞ്ഞാലി റോഡിലെ ചുങ്കം കവലയിലായിരുന്നു അപകടം. കുന്നുകര കല്ലുമടപറമ്പില്‍ വീട്ടില്‍ നൗഷാദ് (41), ഭാര്യ സിംലത്ത് (38) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
നൗഷാദിന്റെ ഇടത് തോളെല്ലിന് പൊട്ടല്‍ വീഴുകയും സിംലത്തിന്റെ തലയില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങമനാട് ബാങ്കില്‍ പോയ ശേഷം ഇരുവരും കുന്നുകരയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്നലെ വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരക്കൊമ്പ് ഒടിഞ്ഞു വീണത്.
ചുങ്കം കവലയിലെ വളവില്‍ അപകടനിലയില്‍ സ്ഥിതി ചെയ്യുന്ന വട വൃക്ഷത്തിന്റെ കൊമ്പാണ് ഒടിഞ്ഞു വീണത്. ദേഹത്തേക്ക് കൊമ്പ് പതിച്ചതോടെ ബൈക്ക് മറിഞ്ഞ് ഇരുവരും റോഡിലെ ചെളിവെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഈ സമയം നിരവധി വാഹനങ്ങള്‍ ഇതുവഴി വന്നെങ്കിലും നാട്ടുകാരുടെ അടിയന്തിരമായ ഇടപെടല്‍ കൂടുതല്‍ അപകടം ഒഴിവാക്കി.
40 അടിയോളം ഉയരമുള്ള വട വൃക്ഷം തെക്ക് ഭാഗത്തേക്ക് ചാഞ്ഞ് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് നിലകൊള്ളുന്നത്.
വൃക്ഷത്തിന്റെ ഭീമന്‍ ചില്ലകള്‍ കനംതൂങ്ങിയും ഉണങ്ങിയും നിലം പതിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതല്‍ അപകടങ്ങള്‍ ഒഴിവാകുന്നത്.
നിറയെ ചില്ലകള്‍ പടര്‍ന്നു പന്തലിച്ച നിലയില്‍ നില്‍ക്കുന്ന ഈ മരത്തിന്റെ കൊമ്പുകളെങ്കിലും അടിയന്തിരമായി മുറിക്കണമെന്ന് ആവശ്യപ്പെട്ട് സമീപത്തെ വ്യാപാരിയായ സി.കെ.മൊയ്തീന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഏതാനും മാസം മുന്‍പ് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. വടക്കന്‍ കേരളത്തില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും മറ്റും നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."