ആധാറില്ലെങ്കില്‍ യു.പിയില്‍ ഇനി ഉച്ചഭക്ഷണമില്ല
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആധാറില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കില്ല. യോഗി ആദിത്യനാഥ് സര്‍ക്കാരാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ജൂലൈ ഒന്നുമുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരിക.
ഇക്കാര്യമറിയിച്ച് ഉത്തര്‍പ്രദേശ് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ സര്‍വേന്ദ വികാരണ്‍ സിങ് എല്ലാ ജില്ലകളിലെയും പ്രൈമറി എജ്യുക്കേഷന്‍ ഓഫിസര്‍(പി.ഇ.ഒ)മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. സ്‌കൂളില്‍നിന്നു ലഭിക്കുന്ന ഉച്ചഭക്ഷണം കഴിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് മൂന്നുമാസം മുന്‍പ് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം പുറത്തുവിട്ട ഉത്തരവിനു ചുവടുപിടിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കം. ആധാറുള്ള വിദ്യാര്‍ഥികളുടെ പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്രം ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യു.പിയില്‍ നിലവില്‍ 20 ശതമാനം വരെ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ആധാറുള്ളത്. ഉച്ചഭക്ഷണം തടഞ്ഞാല്‍ സ്‌കൂള്‍ പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന ആശങ്ക ചില വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ പങ്കുവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."