മദ്യനയത്തിനെതിരായ പ്രതിഷേധം; എയ്ഡഡ് മേഖലയില്‍ പിടിമുറുക്കി ക്രൈസ്തവസഭകളെ വരുതിയിലാക്കാന്‍ നീക്കം
തിരുവനന്തപുരം: മദ്യനയത്തിനെതിരേ പ്രതിഷേധം ശക്തമാക്കുന്ന ക്രൈസ്തവസഭകളെ വരുതിയിലാക്കാന്‍ എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനത്തില്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ 2,653 ഹയര്‍സെക്കന്‍ഡറി അധ്യാപക തസ്തിക ഉയര്‍ത്തിക്കാട്ടിയാണ് മദ്യനയത്തെ എതിര്‍ക്കുന്നവരെ വരുതിയിലാക്കാന്‍ നീക്കം നടത്തുന്നത്.
മദ്യനയത്തിനെതിരേ സമരം കടുപ്പിച്ചാല്‍ എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2,653 തസ്തികകളില്‍ പകുതിയിലേറെയും സ്വകാര്യ മാനേജ്‌മെന്റുകളുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ്. ഇതിനുപുറമെ ആയിരത്തിലേറെ ഹൈസ്‌കൂള്‍ അധ്യാപക തസ്തികയും അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരായ നീക്കവുമായി മുന്നോട്ടുപോയാല്‍ കനത്ത നഷ്ടം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ ക്രൈസ്തവ സഭകള്‍ക്ക് നല്‍കുന്നത്. നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടാല്‍ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ ഉള്‍പ്പെടെയുള്ള സാമുദായിക വിഭാഗങ്ങള്‍ നടത്തുന്ന സ്‌കൂളുകള്‍ക്ക് തിരിച്ചടിയാവും. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള തസ്തികകളില്‍ സ്ഥിരം നിയമനം നടത്തണമെന്ന് ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും വിദ്യാഭ്യാസ മന്ത്രിയുമായും അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. അധ്യാപക നിയമനങ്ങള്‍ ഉടന്‍ നടത്തണമെന്ന ആവശ്യം കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രിയും അധ്യാപക സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ബജറ്റിലും അധ്യാപക നിയമനങ്ങള്‍ നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്കു വിടണമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സര്‍ക്കാരിന്റെ പരിഗണയിലാണ്.
അധ്യാപക സംഘടനകളും നിയമനം പി.എസ്.സിക്ക് വിടണമെന്ന അഭിപ്രായക്കാരാണ്. നിയമനം നടത്താനുള്ള അവകാശം തങ്ങള്‍ക്ക് വേണമെന്ന നിലപാടാണ് മുഖ്യമന്ത്രിയെ കണ്ട മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. സര്‍ക്കാരിന് വലിയ ബാധ്യത സൃഷ്ടിക്കുന്ന വിഷയത്തില്‍ അനുകൂല നിലപാട് ഉണ്ടാവണമെങ്കില്‍ മദ്യനയത്തിലടക്കം വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന അഭിപ്രായം മുഖ്യമന്ത്രിയും മുന്നോട്ടുവച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ പ്രതിഷേധം ശക്തമാക്കിയ ക്രൈസ്തവസഭകളുടെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് നിയമനങ്ങളിലേറെയും നടക്കാനുള്ളത്. ഓരോ സ്‌കൂളിലും 12 മുതല്‍ 13 വരെ അധ്യാപക തസ്തികകളാണ് അധികമായി അനുവദിച്ചിട്ടുള്ളത്. ഓരോ നിയമനത്തിനും കുറഞ്ഞത് 25 ലക്ഷം രൂപ വരെ വാങ്ങാറുണ്ട്. ഓരോ മാനേജ്‌മെന്റിന് കീഴിലും അഞ്ചും പത്തും സ്‌കൂളുകള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."