ഉച്ചഭക്ഷണ പദ്ധതി കംപ്യൂട്ടര്‍വല്‍ക്കരണം: പ്രധാനാധ്യാപകര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി
ബഷീര്‍ എടച്ചേരി
എടച്ചേരി: ഐ.ടി മേഖലയ്ക്ക് പ്രാമുഖ്യം നല്‍കി ക്ലാസ്‌റൂമുകള്‍ ഹൈടെക് ആക്കുന്നതിനു പിന്നാലെ സ്‌കൂള്‍ സംബന്ധമായ എല്ലാ രേഖകളും ഇനി കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കടലാസ് രേഖകളിലൂടെ മാത്രം നടത്തിയ ഉച്ചഭക്ഷണ പദ്ധതി ഇനി പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിക്കും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഉച്ചഭക്ഷണ പദ്ധതി നിലവിലുള്ള സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളിലെയും പ്രധാനാധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി.
വിവിധ ഉപജില്ലകള്‍ കേന്ദ്രീകരിച്ച് അതതു വിദ്യാഭ്യാസ ഉപജില്ലാ ഓഫിസര്‍മാരുടെയും ഉച്ചഭക്ഷണ ചുമതലയുള്ള ഓഫിസറുടെയും നേതൃത്വത്തിലാണു പരിശീലന പരിപാടി നടക്കുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷം മുതല്‍ ഇതുവരെയുള്ള ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും കംപ്യൂട്ടറില്‍ എന്‍ട്രി ചെയ്യാനാവശ്യമായ പരിശീലനമാണു നല്‍കിയത്. കുട്ടികളുടെ എണ്ണം, കൊടുക്കുന്ന ഭക്ഷണവിഭവങ്ങള്‍, ഓരോ മാസവും മിച്ചം വരുന്ന അരിയുടെ കണക്ക്, ഇതുമായി ബന്ധപ്പെട്ട വരവു ചെലവു കണക്കുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്താനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഡി.പി.ഐ അടക്കമുള്ള ഏതു മേലുദ്യോഗസ്ഥനും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും ഉച്ചഭക്ഷണ സംവിധാനം കൃത്യമായി പരിശോധിക്കാനാവും.
ഓരോ ദിവസവും പകല്‍ 11ന് മുന്‍പായി തന്നെ ഓരോ സ്‌കൂളിലെയും പ്രധാനാധ്യാപകര്‍ തങ്ങളുടെ സ്‌കൂളിലെ കണക്കുകള്‍ ഈ വിധത്തില്‍ രേഖപ്പെടുത്തണം. ഡി.പി.ഐയുടെ നേതൃത്വത്തില്‍ വികസിപ്പിച്ച ഈ സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ സുതാര്യമാക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.
കേന്ദ്ര സര്‍ക്കാരും കേരളസര്‍ക്കാരും യോജിച്ചു നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് വേണ്ടിവരുന്നത്. സംസ്ഥാനങ്ങളില്‍ ആകെ വരുന്ന ചെലവിന്റെ 40 ശതമാനം അതതു സര്‍ക്കാരും 60 ശതമാനം കേന്ദ്രവുമാണു ചെലവഴിക്കുന്നത്. ഇതു കൃത്യമായും കാര്യക്ഷമമായും നടക്കുന്നുണ്ടെന്നു സമയബന്ധിതമായി തന്നെ എ.ഇ.ഒ മുതല്‍ ഡി.പി.ഐ വരെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുവരുത്താനും ഈ സോഫ്റ്റ്‌വെയര്‍ കൊണ്ട് സാധ്യമാകും. ഇതുസംബന്ധിച്ച് സൂക്ഷിക്കേണ്ട പതിനഞ്ചോളം രജിസ്റ്ററുകള്‍ ഒഴിവാക്കി സമയം ലാഭിക്കാന്‍ പ്രധാനാധ്യാപകര്‍ക്കും സാധിക്കും.
സ്‌കൂളുകളില്‍ ഓരോ മാസവും മിച്ചംവരുന്ന അരിയുണ്ടെങ്കില്‍ അതു വര്‍ഷാവസാനം കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന അവസ്ഥയാണു നിലവിലുള്ളത്. എന്നാല്‍ ഈ സോഫ്റ്റ്‌വെയറിലെ ഫിസിക്കല്‍ ബാലന്‍സ് എന്ന ഭാഗത്ത്, ഇങ്ങനെ മിച്ചംവരുന്ന അരിയുടെ കണക്ക് അതതു മാസാവസാനം രേഖപ്പെടുത്തണം. ഇങ്ങനെ രേഖപ്പെടുത്തിയ അരി കഴിച്ച് ബാക്കിവരുന്ന അരി മാത്രമേ അടുത്തമാസത്തേക്ക് അനുവദിക്കുകയുള്ളൂ. ഇതുവഴി ഓരോ വര്‍ഷവും കിലോ കണക്കിന് അരി ലാഭിക്കാന്‍ സര്‍ക്കാരിനും സാധിക്കും.
ഒക്ടോബര്‍ 15നകം സ്‌കൂളുകളിലെ ഇതുസംബന്ധിച്ച ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കാനാണു പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്ലാ വിദ്യാലയങ്ങളിലും ഇതുസംബന്ധിച്ച കടലാസുരേഖകളും രജിസ്റ്ററുകളും ഇല്ലാതാവും. പകരം എല്ലാ രേഖകളുമടങ്ങിയ സോഫ്റ്റ്‌വെയര്‍ സംവിധാനം സാര്‍വത്രികമാവുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."