അന്നംതേടി കാടിറങ്ങിയ കാട്ടുകൊമ്പന് ദാരുണാന്ത്യം
കോതമംഗലം: അന്നംതേടി കാടിറങ്ങിയ, സ്ഥിരം പ്രശ്നക്കാരനായ മുറിച്ചെവിയന് കാട്ടുകൊമ്പന് ദാരുണാന്ത്യം.
തുമ്പിക്കൈയില്‍ വൈദ്യുത ലൈന്‍ ചുറ്റി മുന്‍കാലുകളും പിന്‍കാലുകളും മടക്കി തറയോട് ചേര്‍ന്നുകിടക്കുന്ന നിലയില്‍ കുട്ടമ്പുഴ ആനക്കയം നൂറേക്കറില്‍ പാലക്കുന്നേല്‍ ലക്ഷ്മണന്റെ പുരയിടത്തില്‍ ഇന്നലെ രാവിലെയാണ് ആനയുടെ ജഡം കാണപ്പെട്ടത്. പുലര്‍ച്ചെ ഒന്നോടെയാണ് പുഴ കടന്ന് ഈ ഒറ്റയാന് കൃഷിയിടത്തില്‍ എത്തിയത്. രാത്രിയില്‍ എന്തോ ഒടിഞ്ഞുവീഴുന്ന ശബ്ദം കേട്ടെന്നും ഭയംമൂലം പുറത്തേയ്ക്കിറങ്ങി നോക്കിയില്ലെന്നും പുലര്‍ച്ചെ ആനയുടെ ജഡം കണ്ടെത്തുകയായിരുന്നു എന്നുമാണ് വീട്ടുടമസ്ഥന് വനംവകുപ്പ് അധികൃതരെ അറിയിച്ചത്.
കുത്തി മറിച്ചിട്ട തെങ്ങ് സമീപത്ത് സ്ഥാപിച്ചിരുന്ന വൈദ്യുത ലൈനിലേയ്ക്ക് വീണതിനെത്തുടര്‍ന്ന് ഷോക്കേറ്റതാണ് കൊമ്പന്റെ ജീവന് നഷ്ടപ്പെടാന്‍ കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് രാവിലെ തന്നെ കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചോഫിസറുടെ നേതൃത്വത്തില്‍ വനംവകുപ്പ് ജീവനക്കാരെത്തി. ജഡം വനത്തിലേയ്ക്ക് മാറ്റി പോസ്റ്റുമേര്ട്ടത്തിന് ശേഷം സംസ്കരിക്കുമെന്ന് റേഞ്ചോഫിസര്‍ അറിയിച്ചു.
ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡേവിഡ് എബ്രാഹാം, കുട്ടമ്പുഴ വെറ്ററിനറി സര്ജന് വിശ്വം ചക്രപാണി എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. ജനവാസ മേഖലകളില്‍ അടിയ്ക്കടി പ്രത്യക്ഷപ്പെടാറുള്ള പത്തു വയസോളം പ്രായമുള്ളകൊമ്പന് സ്ഥിരം പ്രശ്നക്കാരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."