ബിഹാര്‍ പ്ലസ് ടു പരീക്ഷ: തിരിമറി നടത്തിയ ഒന്നാം റാങ്കുകാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ബിഹാറില്‍ 12ാം ക്ലാസ് പരീക്ഷയില്‍ വയസ് സംബന്ധിച്ച രേഖയില്‍ തിരിമറി നടത്തിയെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് ഒന്നാംറാങ്ക് നേടിയ ആളെ പൊലിസ് അറസ്റ്റ് ചെയ്തു. ഗണേഷ് കുമാര്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ പരീക്ഷാഫലം ഉടന്‍ റദ്ദ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പരിശോധനയില്‍ 24 വയസെന്ന് അവകാശപ്പെട്ട ഗണേഷ് കുമാറിന് 42 വയസുണ്ടെന്നും ഇയാള്‍ രണ്ട് കുട്ടികളുടെ പിതാവാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് മനസിലായി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
പരീക്ഷാഫലം വന്നയുടനെ ഇയാള്‍ അപ്രത്യക്ഷനായിരുന്നു. ഒന്നാം റാങ്ക് ഗണേഷിനാണെന്നറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ ഇയാളെ തേടി കോളജിലെത്തിയെങ്കിലും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഗണേഷ്‌കുമാറിന്റെ ചിത്രത്തിനായി ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇയാളുടെ അഡ്മിഷന്‍ കാര്‍ഡ് സംഘടിപ്പിച്ചു. ഇത് വിശദമായി പരിശോധിച്ചതോടെ ദുരൂഹത വര്‍ധിച്ചു.
2015ല്‍ പ്രവേശനം നേടിയെന്നാണ് കോളജ് രേഖയില്‍ പറയുന്നതെങ്കിലും ഇതില്‍ ദുരൂഹതകളേറെയാണ്. ഗണേഷ്‌കുമാറിന്റെ അഡ്മിഷന്‍ കാര്‍ഡില്‍ 1993 ജൂണ്‍ രണ്ട് ആണ് ജനനത്തിയതി. ഇപ്പോള്‍ വയസ് 24. സാധാരണ ഒരാള്‍ ഈ പ്രായത്തില്‍ ബിരുദാനന്തര ബിരുദം നേടിയിരിക്കും. പ്രവേശനരേഖയില്‍ നിലവിലുള്ള വിലാസവും രേഖപ്പെടുത്തിയിട്ടില്ല.
ജന്മനാടായ സരയ്യയില്‍ നിന്ന് 250 കി. മീ അകലെയുള്ള കോളജില്‍ ഇയാള്‍ പഠിക്കാന്‍ വന്നതിലും ദുരൂഹതയുണ്ടെന്ന് കണ്ടെത്തി. റഗുലര്‍ വിദ്യാര്‍ഥിയായിട്ടും ഇയാള്‍ അഡ്മിഷന്‍ നേടിയ തിയതി കാര്‍ഡിലില്ല. പിന്നീട് ഇന്ത്യാടുഡെ പ്രതിനിധി കോളജില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ അത്ര മിടുക്കനായ വിദ്യാര്‍ഥിയല്ലെന്നും അറിഞ്ഞു. ഗണേഷിന് ഒന്നാം റാങ്ക് കിട്ടിയത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് കോളജിന്റെ സ്ഥാപക സെക്രട്ടറി ജവഹര്‍ പ്രസാദ് പ്രതികരിച്ചു.
വിദ്യാര്‍ഥിയുടെ 10ാംക്ലാസ് പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റിലും ദുരൂഹതയുണ്ട്. മ്യൂസിക്കി(പ്രാക്ടിക്കല്‍)ല്‍ 70ല്‍ 65 മാര്‍ക്കും തിയറിയില്‍ 30ല്‍ 18 മാര്‍ക്കും നേടിയിട്ടുണ്ട്. ഹിന്ദിയില്‍ 100ല്‍ 92 മാര്‍ക്കാണ്.
2016ല്‍ നടന്ന 12ാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് വൈശാലിയിലെ വിഷന്‍ റോയ് കോളജ് വിദ്യാര്‍ഥിനി റൂബി റോയ് ആയിരുന്നു. അടിസ്ഥാന ചോദ്യങ്ങള്‍ക്കുപോലും ഉത്തരമറിയാതിരുന്ന ഈ വിദ്യാര്‍ഥിനിയോട് മാധ്യമ പ്രവര്‍ത്തകര്‍ പഠിച്ച വിഷയം എന്താണെന്ന് ചോദിച്ചപ്പോള്‍ പൊളിറ്റിക്കല്‍ സയന്‍സ് എന്നതിന് പ്രോഡിഗല്‍ സയന്‍സ് എന്നും ഇത് പാചകത്തെക്കുറിച്ചുള്ള വിഷയമാണെന്നുമായിരുന്നു പറഞ്ഞത്. ഇതാണ് പരീക്ഷാ നടത്തിപ്പില്‍ വ്യാപകമായ തട്ടിപ്പുണ്ടെന്ന് തിരിച്ചറിയാന്‍ ഇടയാക്കിയത്.
പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ഥികളുടെ വിജയത്തിനു പിന്നില്‍ പണമിടപാടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍, ബിഹാര്‍ പരീക്ഷാ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍, നാല് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരേയാണ് കേസെടുത്തിരുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക വിഭാഗത്തെ നിയോഗിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."