മഴ കനത്തു; അണക്കെട്ടുകള്‍ തുറന്നു
തൊടുപുഴ: മഴ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. 76.06 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒറ്റദിവസം കൊണ്ട് സംഭരണികളില്‍ ഒഴുകിയെത്തി.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 1.38 അടി ഉയര്‍ന്ന് 2318.02 അടിയിലെത്തി. മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഒറ്റദിവസം കൊണ്ട് മൂന്നടി ഉയര്‍ന്ന് 115 അടിയിലെത്തി.
ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് 71.2 മി.മീ. മഴ രേഖപ്പെടുത്തി. കുറ്റ്യാടിയിലാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്, 218 മി.മീ. ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കിയിലെ രണ്ട് ചെറുകിട അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകളാണ് ഉയര്‍ത്തിയത്.
ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ചൊവ്വാഴ്ച ജില്ലാ ഭരണകൂടം നല്‍കിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കല്ലാര്‍കുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയത്. 456.4 മീറ്ററാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്.
456.59 ആണ് പൂര്‍ണ സംഭരണ ശേഷി. ഇവിടെ നിന്നുള്ള വെള്ളം എത്തിയതോടെ ലോവര്‍ പെരിയാര്‍ (പാംബ്ല) അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നു. പിന്നാലെ ഡാമിന്റെ ഒരു ഷട്ടര്‍ 10 സെ.മീ. ഉയര്‍ത്തി.
252 മീറ്റര്‍ ആണ് ജലനിരപ്പ്, പരമാവധി സംഭരണ ശേഷി 253 മീറ്ററും.
അതേ സമയം മലങ്കര അണക്കെട്ട് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ജലനിരപ്പ് ഉയരാത്തതിനാല്‍ തീരുമാനം മാറ്റി.
നിലവില്‍ 40.32 മീറ്ററാണ് ജലനിരപ്പ്. 42 മീറ്ററാണ് പൂര്‍ണ സംഭരണ ശേഷി. ചെറുകിട പദ്ധതികളിലെ വൈദ്യുതി ഉത്പ്പാദനം പൂര്‍ണതോതിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."