ശിവയ്ക്ക് 'അടിമവേല'യില്‍നിന്ന് മോചനമില്ല
കോഴിക്കോട്: കഴിഞ്ഞ 29 വര്‍ഷമായി കോഴിക്കോട്ടെ ഒരു വീട്ടില്‍ അടിമവേല ചെയ്യുന്ന ശിവ എന്ന ആദിവാസി യുവതിയെ കൂട്ടികൊണ്ടുപോകാന്‍ അട്ടപ്പാടിയില്‍നിന്ന് ഉറ്റവര്‍ എത്തിയിട്ടും അധികൃതര്‍ കണ്ണുതുറക്കുന്നില്ല. ശിവയെ അടിമവേലയില്‍ നിന്നും മോചിപ്പിക്കാനും മതിയായ നഷ്ടപരിഹാരം കെടുക്കാനും കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ഉത്തരവുണ്ടായിട്ടും കിലോമീറ്ററുകള്‍ താണ്ടി എത്തിയ ബന്ധുക്കള്‍ക്കൊപ്പവും സ്വന്തം വീട്ടിലേക്ക് പോകാന്‍ ശിവക്കായില്ല.
സി.പി.എം നേതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ 29 വര്‍ഷമായി അടിമവേലക്ക് നിര്‍ത്തിയ ആദിവാസി യുവതി ശിവയെ ഉടന്‍ മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് ബന്ധുക്കള്‍ രംഗത്തുവന്നത്. ശിവയുടെ സഹോദരി മാസാനി, സഹോദരന്‍ മുരുകന്‍, ഭാര്യ റേസി എന്നിവരാണ് സഹോദരിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി എത്തിയത്. വീട്ടുകാരോടൊപ്പം വരില്ലെന്ന് ശിവ പറയുന്നത് വീട്ടുടമസ്ഥന്റെ ഭീഷണിമൂലമാണന്ന് സംശയിക്കുന്നതായി സഹോദരി പറഞ്ഞു. ശിവയെ കാണാന്‍ കഴിഞ്ഞ മാസം കല്ലായിയിലെ ഗിരിഷീന്റെ വീട്ടില്‍ എത്തിയപ്പോള്‍ ശുചിമുറിയോട് ചേര്‍ന്ന് പായയും തലയണയും ഉള്‍പ്പെടെ കണ്ടിരുന്നു. ശിവക്ക് എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ടെന്ന വീട്ടുകാരുടെ വാദത്തില്‍ സംശയമുണ്ടെന്നും ശിവ ഇപ്പോഴും അടിമപ്പണി തുടരുകയാണെന്നും സഹോദരി പറഞ്ഞു. അടിമവേല ചെയ്യിപ്പിച്ചതിന്റെ യഥാര്‍ഥ വസ്തുതകള്‍ പുറത്ത് വരുമെന്ന ഭീതിയിലാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടും ശിവയെ വിട്ടുനല്‍കാത്തതെന്നാണ് ഇവരുടെ ആക്ഷേപം. ശക്തമായ സി.പി.എം പിന്തുണയുള്ളതിനാല്‍ ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചവരെപ്പോലും മോശക്കാരായി ചിത്രീകരിക്കാന്‍ ഗിരീഷ് ശ്രമിക്കുന്നതായും മനുഷ്യാവകാശ സംരക്ഷണ ഫോറം വയനാട് ജില്ലാ സെക്രട്ടറി മുജീബ് റഹ്മാന്‍ പറഞ്ഞു.
ശിവയെ അടിമപ്പണി എടുപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലും ഗിരീഷിനെതിരേ പൊലിസ് നടപടിയെടുക്കാത്തതിന് പിന്നില്‍ ഒത്തുകളിയാണെന്നും അവര്‍ ആരോപിച്ചു. ശിവക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട തുകയും വീട്ടുടമ വൈകിപ്പിക്കുകയാണ്. യുവതിയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടി സ്‌പെഷ്യല്‍ കോഡ് മേധാവിക്ക് പരാതി നല്‍കിയ ബന്ധുക്കളെ ഗിരീഷ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
29 വര്‍ഷമായി അടിമവേല ചെയ്യിപ്പിച്ച ആളുകളുടെ കൈകളില്‍ തന്നെ യുവതിയുടെ സംരക്ഷണച്ചുമതല ഏല്‍പ്പിച്ച് വനിതാകമ്മീഷനും ജില്ലാഭരണകൂടവും ഉള്‍പ്പെടെയുള്ള അധികൃതര്‍ ശിവയുടെ മോചനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. യുവതിക്ക് നീതി ലഭ്യമാക്കാന്‍ അധികൃതര്‍ തയാറാവാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് അവര്‍ അറിയിച്ചു. ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് കെ.അമ്മിണി, ഐ.ഡി.എഫ് ജില്ലാ പ്രസിഡന്റ് കെ.സി പുഷ്പകുമാര്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ഇന്നലെ കോഴിക്കോട് എത്തിയ സംഘം ജില്ലാ കലക്ടറെ കണ്ടു. കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ ലേബര്‍ ഓഫിസറുമായി ശിവ വീട്ടുജോലിക്ക് നില്‍ക്കുന്ന വീട്ടിലെത്തി. എന്നാല്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിട്ടും ശിവയെ കൂട്ടിക്കൊണ്ടുപോകാന്‍ ഉറ്റവര്‍ക്കായില്ല. വീട്ടുകാരുടെ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്നും അവര്‍ പറഞ്ഞു.
29 വര്‍ഷം മുന്‍പാണ് അട്ടപ്പാടി സ്വദേശിനിയായ ശിവയെ 11 -ാം വയസില്‍ കോഴിക്കോട് കല്ലായിയിലെ വീട്ടില്‍ ജോലിക്ക് എത്തിച്ചത്. പിന്നെ വീടുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല.
12 വര്‍ഷം മുന്‍പ് അമ്മ മരിച്ച വിവരം പോലും ശിവയെ വീട്ടുകാര്‍ അറിയിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ശിവക്ക് യാതൊരു വിധത്തിലുള്ള തിരിച്ചറിയല്‍ രേഖയും ഇല്ല. വീട്ടുവേലക്ക് മതിയായ ശമ്പളവും നല്‍കിയിരുന്നില്ല. ശിവയുടെ അടിമവേല വാര്‍ത്തയായതോടെ കലക്ടര്‍ ഇടപെടുകയായിരുന്നു. അതിനിടെ ശിവ ഇതുവരെ ജോലി ചെയ്തതിന്റെ കുടിശികയായി എട്ടര ലക്ഷം രൂപ നല്‍കാന്‍ ലേബര്‍ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ബന്ധുക്കള്‍ സംരക്ഷിക്കില്ലെന്ന നിലപാടിലാണ് ശിവ വീട്ടുവേലക്കു നില്‍ക്കുന്ന വീട്ടുകാരും പൊലിസും. എന്നാല്‍ ഉറ്റബന്ധുക്കള്‍ ശിവയെ കൂട്ടിക്കൊണ്ടുപോകാനായി വന്നിട്ടും മോചനം മാത്രം നടക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."