ഇറാന് നേരെ ഇസ്‌റാഈല്‍ ആക്രമണം; തെഹ്‌റാന് സമീപം നിരവധി സ്‌ഫോടനങ്ങള്‍
തെല്‍ അവീവ്/തെഹ്‌റാന്‍: ഇറാന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം. ടെഹ്രാന് സമീപം നിരവധി സ്‌ഫോടന ശബ്ദങ്ങല്‍ കേട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇറാന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. അതേസമയം, ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ സൈനിക കേന്ദ്രങ്ങളൊന്നും ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ഇറാന്‍ തസ്‌നിം ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌റാഈലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്ക പ്രതികരിച്ചു.
പ്രാദേശിക സമയം പുലര്‍ച്ചെ 2.15 ഓടെയാണ് ഇസ്‌റാഈല്‍ ആക്രമണമുണ്ടായത്. തെഹ്‌റാന്റെ വിവിധ ഭാഗങ്ങളിലും അല്‍ബോര്‍സ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെഹ്‌റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദില്‍നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
തലസ്ഥാനനഗരത്തില്‍ എല്ലാം പതിവുപോലെയാണു പ്രവര്‍ത്തിക്കുന്നതെന്ന് തെഹ്‌റാന്‍ സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസര്‍ ഫുആദ് ഇസാദി 'അല്‍ജസീറ'യോട് പ്രതികരിച്ചു. ആക്രമണത്തിന്റെ ആഘാതമോ ഭീകരാന്തരീക്ഷമോ എവിടെയും കാണാനില്ല. ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ ചെറിയ തോതില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌റാഈല്‍ തലസ്ഥാനമായ തെല്‍ അവീവിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. 180ലധികം മിസൈലുകളാണ് ഇറാന്‍ അയച്ചത്. ഇസ്‌റാഈലിനുനേരെ ഇറാന്‍ മിസൈല്‍ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയെയും ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയെയും വധിച്ചതിനുള്ള തിരിച്ചടിയായിട്ടായിരുന്നു ഇറാന്റെ മിസൈല്‍ ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."