വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ
തിരുവനന്തപുരം:വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവൻ സ്വർണവുമായി മുങ്ങിയ വരനെ പൊലിസ് പിടികൂടി. നെയ്യാറ്റിൻകര പള്ളിച്ചൽ കലമ്പാട്ടുവിള ദേവീകൃപയിൽ അനന്തുവാണ് വർക്കല പൊലിസ് അറസ്റ്റ് ചെയ്തത്. വർക്കല താജ് ഗേറ്റ് വേയിൽ വച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ഭർത്താവിൻ്റേ വീട്ടിലെത്തിയ ആദ്യനാൾ മുതലേ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും മാതാപിതാക്കളും സഹോദരനും ചേർന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.
വധുവിന്റെ പേരിലുള്ള വീടും പുരയിടവും ഭർത്താവ് അനന്തുവിൻറെ പേരിൽ എഴുതി വയ്ക്കണമെന്നും പുതിയ ബിഎംഡബ്ല്യു കാർ വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഭർത്താവും കുടുംബവും മാനസികമായി സമ്മർദ്ദം ചെലുത്തുകയും പീഡിപ്പിക്കുകയായിരുന്നെന്നും യുവതി പൊലിസിനോട് പറഞ്ഞു. യുവതിയുടെ സ്വർണാഭരണങ്ങൾ എല്ലാം വീട്ടിൽ സൂക്ഷിക്കുന്നത് ശരിയല്ലെന്നും ലോക്കറിൽ സൂക്ഷിക്കണമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിക്ക് വിവാഹ സമ്മാനമായി ലഭിച്ച 52 പവൻ സ്വർണാഭരണങ്ങൾ അനന്തു തന്ത്രപൂർവ്വം കൈക്കലാക്കുകയായിരുന്നു. തുടർന്ന് സ്വർണാഭരണങ്ങൾ 14 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തി. പണയം വച്ച് കിട്ടിയ 14 ലക്ഷം രൂപയുമായി വിവാഹം കഴിഞ്ഞ് മൂന്നാം നാൾ അനന്തു വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു.
കേരളത്തിൻറെ വിവിധയിടങ്ങളിലും ബാംഗ്ലൂരുമായി ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു അനന്തു. യുവതിയുടെ പരാതിയെ തുടർന്ന് വർക്കല പൊലിസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. അന്വേഷണത്തിൽ തൃശ്ശൂരിലെ ഫിസിയോതെറാപ്പി സെൻ്ററിൽ നിന്നും പൊലിസ് സംഘം പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."