'പരിസ്ഥിതി ദിനത്തിലെ മരത്തൈകളുടെ നശീകരണം അവസാനിപ്പിക്കണം'
കല്‍പ്പറ്റ: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാനത്തുടനീളം നടക്കുന്ന വൃക്ഷത്തൈകളുടെ നശീകരണം അവസാനിപ്പിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പരിസ്ഥിതി ദിനത്തില്‍ മരത്തൈകള്‍ നടല്‍ മാമാങ്കം നടത്തുകയും അവ സംരക്ഷിക്കാന്‍ നടപടികളുമെടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ നട്ടുപിടിപ്പിച്ച ചെടികളില്‍ ഭൂരിഭാഗവും നശിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കബനി നദിതട പ്രദേശങ്ങളിലെ വന വല്‍കരണം ഉദ്ഘാടനം ചെയ്തത് താനാണെന്നും ഇതില്‍ ഒരു മരവും ഇന്ന് ശേഷിക്കുന്നില്ലെന്നും മന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം ജില്ല സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നു. വയനാടിന്റെ മിക്ക ഭാഗങ്ങളിലും നട്ട തൈകളുടെ അവസ്ഥയും ഇതു തന്നെയാണ്. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ രണ്ടു വര്‍ഷം പ്രായമായ തൈകളാണ് വിതരണം ചെയ്യുന്നത്. ഇവ കൃത്യമായി സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ എട്ടു മാസം പ്രായമായ തൈകളാണ് നല്‍കുന്നത്.
ഇത് സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുകയും ചെയ്തിട്ടില്ല. തൈകള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ തൈകള്‍ നല്‍കാവൂ എന്നും സൗജന്യ വിതരണം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വയനാടിന്റെ പരിസ്ഥിതി സംരക്ഷണത്തിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും സമഗ്രവുമായി പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സമിതി പ്രസിഡന്റ് എന്‍. ബാദുഷ, വൈസ് പ്രസിഡന്റ് എം. ഗംഗാധരന്‍, ജോ.സെക്രട്ടറി സണ്ണി മരക്കടവ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."