പാരമ്പര്യ വഴികളില്‍ വലക്കണ്ണികള്‍ കൂട്ടിചേര്‍ത്ത് മാനു മൂന്നര പതിറ്റാണ്ട് പിന്നിടുന്നു
ആനക്കര : പാരമ്പര്യ വഴികളില്‍ വലക്കണ്ണികള്‍ കൂട്ടിചേര്‍ത്ത് മാനു മൂന്നര പതിറ്റാണ്ട് പിന്നിടുന്നു. ആനക്കര മേപ്പാടം ചുളളിപ്പറമ്പില്‍ മൊയ്തീന്‍കുട്ടി (മാനു)വാണ് വലനെയ്ത്തില്‍ പാരമ്പര്യം നിലനിര്‍ത്തി ശ്രദ്ധേയനാകുന്നത്. മാനുവിന്റെ പിതാവ് പരേതനായ അഹമ്മദാണ് മകനെ തന്റെ പാരമ്പര്യ തൊഴില്‍ പഠിപ്പിച്ചത്. അഹമ്മദിന്റെ പിതാവ് പരേതനായ അത്തന്‍ ഹാജിയില്‍ നിന്നാണ് വലനെയ്ത്ത് ആരംഭിക്കുന്നതെന്നാണ് മാനു പറയുന്നത്. മേപ്പാടം ബദര്‍പളളിക്ക് സമീപം നടത്തുന്ന സ്റ്റേഷനറിക്കട തന്നെയാണ് മാനുവിന്റെ വലനെയ്ത്ത് കേന്ദ്രം. ഇതിന് സമീപം തന്നെയാണ് താമസവും .വര്‍ഷങ്ങളായി വിദേശത്തായിരുന്ന മാനുവിന് അവിടെയും വലനെയ്ത്തുതന്നെയാണ് നടത്തിയിരുന്നത് .അവിടെ നിന്ന് നാട്ടിലെത്തി കച്ചവടം ആരംഭിച്ചതോടെ വല നെയ്ത്ത് മുഖ്യതൊഴിലാക്കി.
വലനെയ്യുകമാത്രമല്ല സ്വന്തം വല ഉപയോഗിച്ച് മത്സ്യം പിടിക്കാന്‍ പോകുന്നുമുണ്ട്. മത്സ്യതൊഴിലാളി കൂടിയായ മാനു ഈ തൊഴിലിനിടയിലും സജീവ രാഷ്ട്രീയത്തിലുമുണ്ട്. മുസ്ലിം ലീഗിന്റെ ആനക്കര ബ്രാഞ്ച് പ്രസിന്റ്കൂടിയാണ് അദ്ദേഹം. .വിവിധ തരത്തിലുളള വലകള്‍ മാനു നിര്‍മ്മിക്കുന്നു. മുന്‍ കാലത്ത് എല്ലാതരം വലകളും പൂര്‍ണ്ണമായും കൈകൊണ്ടാണ് നെയ്തിരുന്നത്. ഇതിന് ആവശ്യമായ നൂലുകള്‍ വിപണിയില്‍ നിന്ന് വാങ്ങിച്ച് ചെറിയ മുളക്കഷ്ണത്തിന്റെ രണ്ടു ഭാഗവും ചെറുതായി ചീന്തി അതില്‍ നൂല്‍ ചുറ്റിയാണ് മുളയില്‍ തീര്‍ത്ത പടി എന്ന കഷ്ണം ഉപയോഗിച്ച് വല നെയ്യുന്നത്. നൂല്‍ ചുറ്റുന്ന മുളകഷണത്തിന് ' ഒളക്കോല്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. വലയുടെ കണ്ണിയുടെ വലിപ്പത്തിനനുസരിച്ച് പടിയുടെ വീതിയിലും മാറ്റം വരുത്തും.
ഇപ്പോള്‍ പൊന്നാനി, ചാവക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് യന്ത്രങ്ങളില്‍ നിര്‍മ്മിക്കുന്ന വലകളുടെ പാളികള്‍ കൊണ്ടുവന്ന് ഇവ കൂട്ടി യോജിപ്പിച്ച് പക്കും വലമണിയും കെട്ടിയാണ് വലയാക്കി വില്‍പ്പന നടത്തുന്നത്. ഏഴ്, എട്ട്, ഒമ്പത്, പത്ത് മുഴം വലുപ്പത്തിലുളള വലകളാണ് സാധാരണ ഉപയോഗിക്കുന്നത്. പത്ത് മുഴവും പക്കുമുളള വലകള്‍ കടലിലും പുഴയിലും ഉപയോഗിക്കുന്നുണ്ട്. മത്സ്യ ബന്ധനത്തിന് പോകുന്ന ചെറുകിട തൊഴിലാളികള്‍ ഉപയോഗിക്കുന്ന വലകള്‍ക്ക് മാറ്റമുണ്ട്.
വല നെയ്യാനുള്ള നൂലുകള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ട് വരുന്നവരുമുണ്ട്. ആവശ്യക്കാര്‍ പറയുന്നത് അനുസരിച്ച് നൂല്‍ വാങ്ങി വലനെയ്യുന്നു. വീശുവല, വട്ടവല, കണ്ടാടി വല എന്നിവയാണ് വലകളില്‍ പ്രധാനം. 4000 മുതല്‍ 5000 വരെ വലയുടെ വലുപ്പം അനുസരിച്ച് വിലവരും.
വലയുടെ ഈയ്യത്തിലുളള വലമണിക്കാണ് വില കൂടുതല്‍ വരുന്നത്. ഒരു കിലോ വലമണിക്ക് ഇന്ന് വില 240 ആണ് വില .പണ്ട് സ്വന്തമായിട്ടുതന്നെയാണ് ഇയ്യം ഉരുക്കി വലമണിയുണ്ടായിരുന്നത്. ഇന്ന് പൊന്നാനിയില്‍ നിന്നും മറ്റും വല മണി കൊണ്ടുവരുകയാണ് ചെയ്യുന്നത്. കണ്ണിന് വളരെ സൂക്ഷമത ഉളളവര്‍ മാത്രമെ വല നെയ്യാറുളളു. കാഴ്ച ശക്തി ഇതിന്റെ ഒരു പ്രധാന ഘടകമാണ്.
പുതിയ തലമുറയില്‍പ്പെട്ട പലരും ഈ രംഗത്തേക്ക് കടന്നു വരുന്നില്ല. ഇടവം പിറന്നതോടെയാണ് വലയുടെ ആവശ്യക്കാര്‍ ഏറിയത്. പാടങ്ങളില്‍ വെളളം നിറഞ്ഞിട്ടില്ലങ്കിലും പുഴയിലും മറ്റും പോയി മീന്‍ പിടിക്കാന്‍ പലരും വാല വാങ്ങി പോകുന്നുണ്ട്. ഇപ്പോള്‍ ഓര്‍ഡര്‍ അനുസരിച്ച് വല നിര്‍മ്മിച്ചു കൊടുക്കുന്നുമുണ്ട്. ഭാര്യ ആമിനക്കുട്ടി. മക്കള്‍ മുഹമ്മദ് ഇഖ്ബാല്‍,നുസൈബ, ആഹില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."