കെ.പി റോഡില്‍ അപകടഭീഷണിയുയര്‍ത്തി വാഹനങ്ങള്‍ ചീറിപ്പായുന്നു
ചാരുംമൂട്: സ്‌കൂള്‍ തുറന്നതോടെ കെ.പി റോഡിലെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്നാവശ്യം ശക്തമാകുന്നു. ഏറെ തിരക്കുളള കറ്റാനം മുതല്‍ കിഴക്കോട്ട് അടൂര്‍ വരെയുള്ള ഈ റോഡിന്റെ വശങ്ങളിലായും സമീപങ്ങളിലുമായി നൂറുകണക്കിന് ചെറുതും വലുതുമായ വിദ്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ടിപ്പര്‍ ലോറികളും സ്വകാര്യബസുകളും കഴിഞ്ഞ ദിവസങ്ങളിലും സ്‌കൂള്‍ സമയങ്ങളില്‍ അമിത വേഗതയില്‍ കടന്നുപോയത് പരിഭ്രാന്തി പരത്തിയിരുന്നു. സ്‌കൂള്‍ കവാടങ്ങളില്‍കൂടി വേഗത നിയന്ത്രിച്ച് പോകുവാനുളള നടപടിയെങ്കിലും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടികള്‍ എടുക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട ജങ്ഷനുകളായ കറ്റാനം, ചാരുംമൂട്, നൂറനാട്, ആദിക്കാട്ടുകുളങ്ങര എന്നിവടങ്ങളില്‍ രാവിലെയും വൈകുന്നേരവും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സ്‌കൂളിലേക്ക് വരുന്ന പിഞ്ചു കുട്ടികളടക്കം ബുദ്ധിമുട്ടിയാണ് റോഡ് കടന്നു പോകുന്നത്. ചാരുംമൂട്ടില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ ലംഘിച്ച് കടന്നുപോകുന്ന വാഹനങ്ങളെ കുടുക്കാന്‍ കഴിഞ്ഞയിടെ ക്യാമറ സ്ഥാപിച്ചുവെങ്കിലും യാതൊരു നിയന്ത്രണവും പാലിക്കാതെയാണ് ഇപ്പോഴും കടന്നുപോകുന്നത്. സ്‌കൂളുകളുടെ മുന്നില്‍ സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകളും സെക്യൂരിറ്റികളും വിദ്യാഥികളെ കടത്തിവിടാനും വാഹനങ്ങള്‍ നിയന്ത്രിക്കാനും നില്‍ക്കുന്നുണ്ടങ്കിലും പല വാഹനങ്ങളും ഇവ പാലിക്കാന്‍ തയാറാകുന്നില്ലെന്ന പരാതിയുണ്ട്. ടിപ്പര്‍ ലോറികള്‍ കെ.പി റോഡില്‍ നിരവധി ജീവനുകളാണ് നഷ്ടപ്പെടുത്തിയിട്ടുള്ളത്. മുന്‍പ് നൂറനാട് ഇടപ്പോണില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുകയായിരുന്ന പിഞ്ചു കുട്ടികള്‍ ടിപ്പര്‍ ഇടിച്ച് മരിച്ചിരുന്നു.
അന്ന് പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് കുറച്ചു നാളത്തേക്ക് ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് പഴയ സ്ഥിതിയിലാവുകയായിരുന്നു. വീണ്ടുമൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ പൊലിസ്, ഗതാഗതവകുപ്പുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."