ശബരിമല: എന്‍.എസ്.എസിന്റെ വാദം അയ്യപ്പനെ അപമാനിക്കുന്നത് പുനഃപരിശോധനാ ഹരജിക്കെതിരേ ഹരജി
ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കിയ സുപ്രിംകോടതി ഉത്തരവിനെതിരേ എന്‍.എസ്.എസ് നല്‍കിയ പുനഃപരിശോധനാ ഹരജിയിലെ വാദങ്ങള്‍ ചോദ്യംചെയ്ത് പുതിയ ഹരജി. അയ്യപ്പനെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തയും 14 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയുമായ സിന്ധു ടി.പിയാണ് എന്‍.എസ്.എസിന്റെ ഹരജിയിലെ വാദങ്ങള്‍ ചോദ്യംചെയ്ത് കോടതിയില്‍ ഹരജി നല്‍കിയത്.
അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്തു പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ മാറ്റിനിര്‍ത്തണമെന്ന എന്‍.എസ്.എസിന്റെ വാദം സ്ത്രീവിരുദ്ധമാണ്. 10 വയസുള്ള പെണ്‍കുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ക്കാന്‍ കഴിയുന്ന ആളായി ചിത്രീകരിക്കുന്നത് അയ്യപ്പനെ അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലുമാണ്. 10 വയസാവുന്ന ഒരുപെണ്‍കുട്ടിയെ അയ്യപ്പനില്‍നിന്നു മാറ്റിനിര്‍ത്തുന്നതു വഴി ദൈവത്തില്‍ ലൈംഗിക ആസക്തി ജനിപ്പിക്കാന്‍ തന്റെ സാന്നിധ്യത്തിനു കഴിയുമെന്ന ചിന്ത ചെറുപ്രായത്തില്‍ തന്നെ അവരുടെ കുഞ്ഞുമനസില്‍ ഉണ്ടാവാന്‍ കാരണമാവും.
പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ അയ്യപ്പനില്‍നിന്നു മാറ്റിനിര്‍ത്തണമെന്ന വാദം ലക്ഷക്കണക്കിനു അയ്യപ്പ ഭക്തരെ അപമാനിക്കുന്നതാണ്. ഹിന്ദു മതത്തില്‍ ഇത്തരമൊരു ആചാരത്തിനു സ്ഥാനമില്ല. പെണ്‍കുട്ടികളെ ലൈംഗിക വസ്തു മാത്രമായി ചിത്രീകരിക്കുന്നത് നമ്മുടെ നാട് ആര്‍ജ്ജിച്ചെടുത്ത സാമൂഹിക പുരോഗതിക്കു വിരുദ്ധവും ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് എതിരുമാണെന്നും ചൂണ്ടിക്കാട്ടുന്ന ഹരജിയില്‍ താനൊരു അയ്യപ്പ ഭക്തയാണെന്നും സിന്ധു വ്യക്തമാക്കി.
ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരേ തന്ത്രി കുടുംബം പുനഃപരിശോധനാ ഹരജി നല്‍കി. കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് സുപ്രിംകോടതിയില്‍ പ്രത്യേകമായി പുനഃപരിശോധനാ ഹരജി നല്‍കിയത്.
വിഗ്രഹാരാധന ഹിന്ദു മതത്തില്‍ അനിവാര്യമെന്നും വിഗ്രഹത്തിന് അവകാശമുണ്ടെന്നു ഭരണഘടനയുടെ 25(1) അനുച്ഛേദത്തില്‍ പറയുന്നുണ്ടെങ്കിലും ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും ഇക്കാര്യം പരിഗണിച്ചില്ലെന്നുമാണ് ഹരജിയില്‍ തന്ത്രി കുടുംബം ചൂണ്ടിക്കാട്ടുന്നത്.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ഹരജികൂടിയായതോടെ ശബരിമല വിഷയത്തിലെ സുപ്രിംകോടതിയുടെ ഉത്തരവിനെതിരേ പത്തിലധികം പുനഃപരിശോധനാ ഹരജികളാണ് ഇതിനകം എത്തിയത്. ഇവയെല്ലാം ഒന്നിച്ചാവും കോടതി പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."