സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി
തിരുവനന്തപുരം: ശക്തമായ മഴയിലും കാറ്റിലും പാളത്തിലേക്ക് മരങ്ങള്‍ വീണതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്. ചാലക്കുടിക്കും ഇരങ്ങാലക്കുടയ്ക്കും ഇടയിലും കോഴിക്കോട് രണ്ടാം ഗേറ്റിനും നാലാം ഗേറ്റിനും ഇടയിലും പാളത്തില്‍ മരം വീണു. ഇന്നലെ വൈകിട്ട് ശാസ്താംകോട്ടയിലും പാളത്തില്‍ മരം വീണു. കഴിഞ്ഞ രണ്ടുദിവസത്തെ മഴയിലും കാറ്റിലുമായി തിരുവനന്തപുരം ഡിവിഷന്‍ പരിധിയില്‍ മൂന്നും പാലക്കാട് ഡിവിഷന്‍ പരിധിയില്‍ നാലുംമരങ്ങളാണ് പാളത്തില്‍ വീണത്.
ഇന്നലെ പുലര്‍ച്ചെ കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ട കൊച്ചുവേളി-മുംബൈ എക്‌സ്പ്രസ് (22114) ഏഴു മണിക്കൂറോളം വൈകിയാണ് ഓടുന്നത്. നാഗര്‍കോവില്‍-മംഗലപുരം ഏറനാട് എക്‌സ്പ്രസ് അഞ്ചര മണിക്കൂറും തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് മൂന്നര മണിക്കൂറും വൈകി.
തിരുവനന്തപുരത്തുനിന്ന് രാവിലെ പുറപ്പെട്ട ജനശതാബ്ദി എക്‌സ്പ്രസ് മൂന്നര മണിക്കൂറോളം വൈകിയാണ് യാത്ര പൂര്‍ത്തിയാക്കിയത്. ഇന്നലെ രാവിലെയുള്ള തിരുവനന്തപുരം- കോര്‍ബ സൂപ്പര്‍ഫാസ്റ്റ് മൂന്നു മണിക്കൂറും നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്‌സ്പ്രസ് മൂന്നു മണിക്കൂറും വൈകി. തിരുവനനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്കുള്ള ശബരി എക്‌സ്പ്രസ് രണ്ടേമുക്കാല്‍ മണിക്കൂറും കന്യാകുമാരിയില്‍നിന്ന് മുംബൈയിലേക്കുള്ള ജയന്തിജനതാ എക്‌സ്പ്രസ് ഒരു മണിക്കൂറും തിരുവനന്തപുരത്ത് നിന്നുള്ള നേത്രാവതി എക്‌സ്പ്രസ് ഒന്നര മണിക്കൂറും വൈകി. തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് രണ്ടുമണിക്കൂറും കന്യാകുമാരി ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് ഒന്നര മണിക്കൂറും വൈകി. ഇന്നലെ ഉച്ചക്ക് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് ഒന്നര മണിക്കൂറോളം വൈകി. സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ എതിര്‍ ലൈനില്‍കൂടിയാണ് കടത്തിവിട്ടത്.
ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് ചിറയിന്‍കീഴിനു സമീപം പാളത്തിനു മുകളിലെ ഹൈടെന്‍ഷന്‍ ലൈനിലേക്ക് മരംവീണു. മാവേലി എക്‌സ്പ്രസ് എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം. ട്രെയിനുമായി വൈദ്യുതി ബന്ധം സ്ഥാപിക്കുന്ന പാന്റോഗ്രാഫ് മരച്ചില്ലയില്‍ തട്ടി തകര്‍ന്നു. ഇതേതുടര്‍ന്ന് ഈ റൂട്ടിലെ റെയില്‍ ഗതാഗതം തടസപ്പെട്ടു. കൊല്ലത്തുനിന്ന് മറ്റൊരു എന്‍ജിന്‍ എത്തിച്ച് പുലര്‍ച്ചെ രണ്ടോടെ യാത്ര പുനരാരംഭിച്ച മാവേലി എക്‌സ്പ്രസ് പത്തു മണിക്കൂറോളം വൈകിയാണ് മംഗലാപുരത്തെത്തിയത്. ഇതിനു പിന്നാലെയുള്ള മലബാര്‍ എക്‌സ്പ്രസ് നാലു മണിക്കൂറും തിരുവനന്തപുരം- മധുര അമൃത എക്‌സ്പ്രസ് അഞ്ചു മണിക്കൂറും കൊച്ചുവേളി- നിലമ്പൂര്‍ രാജറാണി എക്‌സ്പ്രസ് എട്ടു മണിക്കൂറും വൈകി. തിരുവനന്തപുരത്തുനിന്ന് രാത്രി 8.45നുള്ള മംഗലാപുരം എക്‌സ്പ്രസ് ഒന്‍പത് മണിക്കൂര്‍ വൈകിയാണ് യാത്ര പൂര്‍ത്തിയാക്കിയത്.
നിലവില്‍ യാത്രാ ഷെഡ്യൂളിന് കാര്യമായ മാറ്റം വരുത്താതെ സര്‍വിസുകള്‍ പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ ശ്രമം. കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായില്ലെങ്കില്‍ ഇന്ന് വൈകിട്ടോടെ റെയില്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാകുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."