നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശം
ആലപ്പുഴ: കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കി. മഴമാറി അനുയോജ്യമായ സാഹചര്യം ഉണ്ടായ ശേഷം മാത്രം പ്രവൃത്തികള്‍ പുനരാരംഭിക്കാനാണ് മന്ത്രി ചീഫ് എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. റോഡുകളില്‍ തടസമുണ്ടായിടത്തും മണ്ണിടിഞ്ഞിടങ്ങളിലും അടിയന്തരമായി എന്‍ജിനീയര്‍മാര്‍ പരിശോധന നടത്തി കലക്ടര്‍മാരുമായും പൊലിസുമായും ബന്ധപ്പെട്ട് ഗതാഗതം പൂര്‍വസ്ഥിതിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. അപകടകരമായ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരുടെ ഗതാഗത മാര്‍ഗങ്ങള്‍ ഒഴിവാക്കി വഴിതിരിഞ്ഞ് പോകുന്നതിനുള്ള ജാഗ്രതാ നിര്‍ദേശം നല്‍കണം. പൊതുമരാമത്ത് വകുപ്പിലെ റോഡ്, പാലങ്ങള്‍, ഹൈവേ വിഭാഗങ്ങളിലെ എന്‍ജിനിയര്‍മാര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
മഴക്കാലത്ത് അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ റോഡുകളുടെ വശങ്ങള്‍ വെട്ടിപ്പൊളിക്കാന്‍ അനുവദിക്കില്ല. വെട്ടിപ്പൊളിച്ചാല്‍ തന്നെ അത് കലക്ടറുടെയും സ്ഥലം എം.എല്‍.എയുടെയും അറിവോടെ നിലവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിച്ച് മാത്രമാവണമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."