മോട്ടോര്‍ വാഹന വകുപ്പിനെതിരായ പരാതി: വകുപ്പുതല അന്വേഷണം ആവശ്യപ്പെടും- മന്ത്രി
കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പിനെതിരേ ലഭിക്കുന്ന പരാതിയിന്മേല് അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് വകുപ്പുതലത്തിലുള്ള അന്വേഷണം നടത്തണമെന്ന് വിജിലന്‍സ്, ആഭ്യന്തര വകുപ്പുകളോട് ആവശ്യപ്പെടുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്.
കേരള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന് 50ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വകുപ്പിനെതിരേ ലഭിക്കുന്ന പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ പരാതിക്കാരന് നീതി കിട്ടണം. സംസ്ഥാനത്ത് വാഹനപകടങ്ങള്‍ വഴി മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. 18നും 38 നും വയസിനിടയില്‍ നിരവധി പേരാണ് വാഹനപകടങ്ങളില്‍ മരണപ്പെടുന്നത്. ഈ ഒരവസ്ഥ എങ്ങനെയുണ്ടായി എന്നത് ആലോചിക്കണം. വാഹന വായ്പാ ഇളവ് കാരണം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷന് ആക്ടിങ് പ്രസിഡന്റ് ജഗന്‍ലാല്‍ അധ്യക്ഷനായി. ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ വി. സുരേഷ്കുമാര്‍, ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഡോ.പി.എം മുഹമ്മദ് നജീബ്, വി. സജിത്ത്, എ.എസ് വിനോദ്, പൗലോസ് കോശി, സി.പി ബാബുരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."