മഹാരാഷ്ട്രയിലും കര്‍ണാടകയിലും തിമിര്‍ത്ത് പെയ്ത് മഴ ബോട്ട് മുങ്ങി 14 മരണം, രണ്ടരലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു
മുംബൈ: കഴിഞ്ഞമാസം വരെ വരള്‍ച്ചാവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ദുരിതം വിതച്ച് പേമാരി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തുന്നതിനിടെ ബോട്ട് മുങ്ങി 14 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന സാംഗ്ലിയിലാണ് അപകടമുണ്ടായത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത്. രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിട്ട സംസ്ഥാനത്താണ് ഇപ്പോള്‍ മഴക്കെടുതിയും രൂക്ഷമായത്. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് രണ്ടരലക്ഷത്തോളം ആളുകളെ പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തില്‍ നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മഴക്കെടുതിയില്‍ പശ്ചിമ മഹാരാഷ്ട്രയില്‍ 16 പേര്‍ മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിക്കൊണ്ടിരുന്ന മഹാജന്‍ ആദേശ് യാത്ര നിര്‍ത്തിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി സംസ്ഥാന വ്യാപകമായി വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് യാത്ര തുടങ്ങിയത്.
ശക്തമായ മഴയെ തുടര്‍ന്ന് കൊയ്‌ന ഡാമില്‍ വെള്ളം സംഭരണ ശേഷിക്കും മുകളിലായതോടെ കര്‍ണാടകയിലേക്ക് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ദേവേന്ദ്ര ഫഡ്‌നാവിസ് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുമായി ചര്‍ച്ച നടത്തി. കര്‍ണാടകയിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ മഹാരാഷ്ട്ര ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം സംസ്ഥാനത്തെ പല ഭാഗങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പൂനെയില്‍ നിന്ന് കോലാപൂരിലേക്കും കോലാപൂരില്‍ നിന്ന് കര്‍ണാടകയിലേക്കുമുള്ള റോഡ് അടച്ചു. ട്രെയിന്‍ ഗതാഗവും തടസപ്പെട്ടു. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഷോക്കേറ്റുള്ള മരണം ഒഴിവാക്കാനായി കോലാപൂരില്‍ 85,000 വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്.
കര്‍ണാടകയിലും മഴ തിമിര്‍ത്തു പെയ്യുകയാണ്. ധര്‍വാദ്, ബെലഗാവി, ഷിവമോഗ, ഭണ്ഡ്‌വാള്‍, ഛെയ്ച്ചൂര്‍, ഉഡുപ്പി, ദക്ഷിണകന്നഡ എന്നിവിടങ്ങളിലാണ് മഴ റിപ്പോര്‍ട്ട് ചെയ്തത്. ധര്‍വാദില്‍ മഴയെത്തുടര്‍ന്ന് ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കര്‍ണാടകയില്‍ ഇതുവരെ ആറുമരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാല്‍ലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ആന്ധ്രപ്രദേശിലെ ചിലഭാഗങ്ങളിലും ശക്തമായ മഴയുണ്ട്. ഇവിടെ ചില നദികള്‍ കരകവിഞ്ഞൊഴുകിത്തുടങ്ങി. ഒഡിഷയിലും പതിവില്‍ കവിഞ്ഞ് മഴലഭിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."