മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് പുഴയില്‍ രാസമാലിന്യം കലര്‍ന്നതിനാലെന്ന് റിപ്പോര്‍ട്ട്
ഫറോക്ക്: കൊളത്തറ ചെറുപുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് പുഴയില്‍ രാസമാലിന്യം കലര്‍ന്നതിനാലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. രാസപദാര്‍ഥം കലര്‍ന്നതിനാല്‍ പുഴയിലെ ജലത്തിന്റെ പി.എച്ച് മൂല്യം ഏഴില്‍ താഴെ എത്തിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയില്‍ പറയുന്നു. ഇതേതുടര്‍ന്ന് ജലത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാലാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് നിഗമനം.
ശാസ്ത്രജ്ഞരായ ഡോ. കലാധരന്‍, ഡോ. അശോകന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ജലം പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ചയ്ക്കു ശേഷമേ ലഭ്യമാകുകയുള്ളു. സമീപത്തെ വ്യവസായ ശാലകളില്‍നിന്നോ മറ്റോ രാസപദാര്‍ഥം മഴവെള്ളത്തിലൂടെ പുഴയിലേക്ക് ഒലിച്ചിറങ്ങിയതാകാമെന്നാണ് കരുതുന്നത്. പെരിയാറില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാറുണ്ടെന്നും റിപ്പോട്ടിലുണ്ട്.
അതേസമയം സി.ഡബ്ല്യു.ആര്‍.ഡി.എം നടത്തിയ ജലസാമ്പിളുകളുടെ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്നലെ കോര്‍പറേഷന്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലുള്ളത് പുഴയിലെ വെള്ളം മലിനമായതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ ഇടയാക്കിയതെന്നാണ്. ജലത്തില്‍ ബാക്ടീരിയയുടെയും ഹെവി മെറ്റല്‍സിന്റെയും അളവ് കൂടിയിട്ടുണ്ടെന്നും ഓക്‌സിജന്റെ അളവ് കുറഞ്ഞിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ചക്കകം ലഭിക്കുമെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ആര്‍.എസ് ഗോപകുമാര്‍ അറിയിച്ചു. കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സറ്റിയൂട്ടില്‍ ചത്ത മത്സ്യങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന്റെ റിപ്പോര്‍ട്ട് നാലു ദിവസത്തിനകം ലഭിക്കും. വിശദമായ റിപ്പോര്‍ട്ടുകള്‍ വന്നതിനു ശേഷമേ ജില്ലാ ഭരണകൂടം തുടര്‍നടപടി സ്വീകരിക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."