ഡല്‍ഹിയില്‍ ബാങ്ക് ജീവനക്കാരനെ വെടിവച്ചുകൊന്ന് മൂന്ന് ലക്ഷം കവര്‍ന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബാങ്ക് ജീവനക്കാരനെ വെടിവച്ചുകൊന്ന് മോഷണം. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചാവ്‌ല നഗരത്തില്‍ കോര്‍പറേഷന്‍ ബാങ്ക് ശാഖയിലാണ് ആയുധധാരികളായ മോഷ്ടാക്കള്‍ കാഷ്യറെ വെടിവച്ചിട്ട ശേഷം മൂന്ന് ലക്ഷം കവര്‍ന്നത്. ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും തോക്കിന്‍മുനയില്‍ നിര്‍ത്തി നടത്തിയ മോഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഒന്നര മിനുട്ടിനുള്ളിലാണ് കൊലപാതകവും കവര്‍ച്ചയുമെല്ലാം നടന്നിരിക്കുന്നത്. സുരക്ഷാ ജീവനക്കാരന്റെ തോക്ക് പിടിച്ചുവാങ്ങിയ മോഷ്ടാക്കള്‍ ഇയാളെ മര്‍ദിക്കുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് കാഷ്യറെ വെടിവയ്ക്കുകയും മോഷ്ടിച്ച പണവുമായി രക്ഷപ്പെടുകയുമായിരുന്നു. ദേശീയ തലസ്ഥാനത്ത് കഴിഞ്ഞ ഒരു ദശകത്തിനിടെയുണ്ടായ ഏറ്റവും വലിയ മോഷണമായാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മോഷണസമയത്ത് ബാങ്കില്‍ 10 ഇടപാടുകാരും ആറ് ജീവനക്കാരുമുള്‍പ്പെടെ 16 പേരുണ്ടായിരുന്നതായി പൊലിസ് പറയുന്നു. ഇവരെയെല്ലാം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ആയുധധാരികളായ ആറംഗ സംഘം കൊലപാതകവും കവര്‍ച്ചയും നടത്തിയത്. കാഷ്യറായ സന്തോഷിനോട് പണം നല്‍കാന്‍ സംഘം ആവശ്യപ്പെടുകയും ഇയാള്‍ ഇത് നിരസിക്കുകയും ചെയ്തതോടെയാണ് മോഷണ സംഘം സന്തോഷിനെ വെടിവച്ചുകൊന്നത്. മോഷ്ടാക്കള്‍ പോയ ഉടനെ സന്തോഷിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് അക്രമികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലിസ് അറിയിച്ചു. സോനിപത്ത്, നജാഫ്ഗ്രഹ് മേഖലയിലുള്ളവരാണ് ഇവരെന്നാണ് പൊലിസ് നിഗമനം. ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവര്‍ക്കായി സംഘം തിരഞ്ഞുള്ള അന്വേഷണത്തിലാണെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."