നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാബാങ്ക്: പൈലറ്റ് പ്രോജക്ട് പൂര്‍ത്തിയാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാബാങ്ക് തയാറാക്കല്‍ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് പൂര്‍ത്തിയാക്കി. സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്റ് എണ്‍വയോണ്‍മെന്റ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടാണ്(കെസ്‌റെക്) പൈലറ്റ് പ്രോജക്ട് നടപ്പാക്കിയത്. ഡാറ്റാബാങ്കിന്റെ റിപ്പോര്‍ട്ടും മാപ്പും സര്‍ക്കാരിനു കൈമാറി. തിരുവനന്തപുരം ജില്ലയിലെ ആറ്റിപ്ര വാര്‍ഡിലെയും എറണാകുളം ജില്ലയിലെ വെങ്ങൂര്‍ പഞ്ചായത്തിന്റെയും ഡാറ്റയാണ് ശേഖരിച്ചിരിക്കുന്നത്.
ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ചുള്ള മാപ്പിങ് വഴി നെല്‍വയലുകളുടേയും തണ്ണീര്‍ത്തടങ്ങളുടേയും സമഗ്ര ഡാറ്റാബാങ്ക് തയാറാക്കുന്നതിനായി കെസ്‌റെക്കിന് 10 ലക്ഷംരൂപയാണ് ചെലവ്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന് സൗജന്യമായാണ് പൈലറ്റ് പ്രോജക്ട് ചെയ്തു നല്‍കിയത്. ആറ്റിപ്ര വാര്‍ഡില്‍ നിലവില്‍ 49.4 ഏക്കര്‍ നെല്‍വയല്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. 1967ല്‍ 463 ഏക്കര്‍ നെല്‍വയലുണ്ടായിരുന്ന സ്ഥലമാണിത്. വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായി നെല്‍വയലുകള്‍ നികത്തിയെടുത്ത സ്ഥലങ്ങളും, നിലവില്‍ അവശേഷിക്കുന്ന നെല്‍വയലുകളും അടങ്ങുന്ന മാപ്പും തയാറാക്കിയിട്ടുണ്ട്. 2010ല്‍ കൃഷിവകുപ്പ് തയാറാക്കിയിരുന്നു ഡാറ്റാബാങ്കില്‍ 302 ഏക്കര്‍ നെല്‍വയലുണ്ടെന്ന കണക്കായിരുന്നു ഉണ്ടായിരുന്നത്. അതിനു ശേഷമുള്ള ആറുവര്‍ഷത്തിനുള്ളില്‍ നികത്തപ്പെട്ടത് 259 ഓളം ഏക്കര്‍ വയലാണ്.
എറണാകുളം വെങ്ങൂര്‍ പഞ്ചായത്തിന്റെ മുഴുവന്‍ ഡാറ്റയും ശേഖരിച്ചുകഴിഞ്ഞു. എന്നാല്‍, വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടില്ല. എങ്കിലും 10 വര്‍ഷത്തിനുള്ളില്‍ നശിപ്പിക്കപ്പെട്ട തണ്ണീര്‍ത്തടങ്ങളുടേയും നെല്‍വയലുകളുടേയും അളവ് ഞെട്ടിക്കുന്നതാണ്. തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെട്ട പ്രദേശങ്ങളില്‍ ഫ്‌ളാറ്റുകളും വ്യവസായശാലകളുമാണുള്ളത്. നിലവില്‍ 20 ഏക്കറില്‍ താഴെ മാത്രമായി സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങള്‍ ഇവിടെ പരിമിതപ്പെട്ടു.
കൃഷിവകുപ്പിന്റെ ആവശ്യപ്രകാരമാണ് കെസ്‌റെക് വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൈലറ്റ് പ്രോജക്ട് നടപ്പാക്കേണ്ടിയിരുന്ന സ്ഥലങ്ങളെ കുറിച്ച് തീരുമാനമെടുത്ത് അറിയിക്കുന്നതില്‍ കൃഷിവകുപ്പും കാലതാമസം വരുത്തിയിരുന്നു. ഇതിനാല്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതി വൈകി.
ജൂണ്‍ 14നാണ് കൃഷിമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായി ഇത് ഉയര്‍ത്തിക്കാട്ടിയിരുന്നു. പദ്ധതിക്കായി അനുവദിച്ച അഞ്ചു കോടിരൂപ വിനിയോഗിക്കുന്നതു സംബന്ധിച്ച വര്‍ക്കിങ്ഗ്രൂപ്പ് യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. ഈ യോഗത്തില്‍ പൈലറ്റ്‌പ്രോജക്ട് അംഗീകരിച്ച് അനുമതി വാങ്ങുന്നതിനാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും.
സംസ്ഥാന സര്‍ക്കാര്‍ 2008ല്‍ കൊണ്ടുവന്ന നെല്‍യല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പിന്‍ബലത്തോടെയാണ് ഡാറ്റാബാങ്ക് പദ്ധതി കൃഷിവകുപ്പ് മുന്നോട്ടു വെച്ചത്. 2008നു ശേഷം നികത്തിയ പാടങ്ങളുടേയും, നിലവില്‍ കൃഷിചെയ്യുന്ന പാടങ്ങളുടേയും കൃത്യമായ വിവരങ്ങളും, കണക്കുകളും ശേഖരിച്ചു സൂക്ഷിക്കുകയാണ് ലക്ഷ്യം. 2008നു ശേഷമുള്ള കേരളത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും, നിലവിലുള്ള ചിത്രങ്ങളും വിശകലനം ചെയ്താണ് ഡാറ്റാബാങ്ക് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."