രാജകീയ പ്രൗഢിയില്‍ രാജാസ് ശതാബ്ദി നിറവില്‍
നീലേശ്വരം: ഗാന്ധിജിയുടെ കൈയൊപ്പു പതിഞ്ഞ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദിയുടെ നിറവില്‍. ജില്ലയില്‍ തന്നെ നൂറു വയസു പൂര്‍ത്തിയാക്കുന്ന ഏക ഹൈസ്‌കൂളാണ് രാജാസ്. മംഗളൂരുവിലും കോഴിക്കോടും പോയി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഇംഗ്ലീഷ് തമ്പുരാന്‍ എന്നറിയപ്പെടുന്ന നീലേശ്വരം തെക്കേ കോവിലകത്തെ ടി.സി രാമവര്‍മ്മ വലിയ രാജയാണ് 1918 ല്‍ സ്വന്തം സ്ഥലത്ത് രാജാസ് സ്‌കൂള്‍ സ്ഥാപിച്ചത്. തുടക്കത്തില്‍ ഏഴാം തരം വരെയുണ്ടായിരുന്ന സ്‌കൂള്‍ 1925ല്‍ ഹൈസ്‌കൂളായി. സ്വാതന്ത്ര്യ സമരത്തിന്റെ ചൂരും ചൂടും രാജാസിന്റെ മണ്ണും ഏറ്റുവാങ്ങിയിരുന്നു.
സ്വദേശി പ്രസ്ഥാനം, ഹരിജനോദ്ധാരണം, വിദേശ വസ്ത്ര ബഹിഷ്‌കരണം, ഖാദി ഉല്‍പാദനം, ഹിന്ദി പ്രചാരണം, മദ്യവര്‍ജനം തുടങ്ങിയ സമരമാര്‍ഗങ്ങള്‍ രാജാസിലെ അധ്യാപകരും വിദ്യാര്‍ഥികളും ഏറ്റെടുത്തിരുന്നു. എന്‍.കെ കുട്ടന്‍, കെ.വി കണ്ണന്‍, മാടായി രാമന്‍, ഡോ.ഗണേഷ് പൈ, എ.സി കണ്ണന്‍ നായര്‍, ടി.കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെ.മാധവന്‍, എ.ഐ.സി.സി അംഗമായിരുന്ന സി.കെ രാഘവന്‍ നമ്പ്യാര്‍, മുന്‍ മന്ത്രി എന്‍.കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഇതില്‍ പ്രധാനികളാണ്.
തുടക്കം മുതല്‍ പ്രശസ്തരായ അധ്യാപക ശ്രേഷ്ഠരുടെ ഒരു പരമ്പര തന്നെ സ്‌കൂളിനുണ്ടായിരുന്നു. ദേശീയ അധ്യാപക അവാര്‍ഡുകളടക്കം കരസ്ഥമാക്കിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശില്‍പകലയുടെ രാജശില്‍പിയായ കാനായി കുഞ്ഞിരാമന്‍ പഠിച്ചിറങ്ങിയ വിദ്യാലയം നാടക കുലപതി വിദ്വാന്‍ പി.കേളുനായരും, മഹാകവി കുട്ടമത്തും, നായനാര്‍ മാഷും അധ്യാപകനായിരുന്ന വിദ്യാലയം കൂടിയാണ്. ഡോ. എസ്.എം. വാസുദേവനും റിട്ട. അധ്യാപകനായ ഡോ. എന്‍.പി. വിജയനും രാജാസിലെ മികവുറ്റ അധ്യാപകരാണ്.
എണ്ണമറ്റ നാടകസംഘങ്ങള്‍, ചമയക്കാരന്‍ ദേവന്‍ ബാലന്‍, ഗുരുകുഞ്ചുക്കുറുപ്പിന്റെ കഥകളി സംഘം, ഓട്ടന്‍തുള്ളല്‍ കലാകാരനായിരുന്ന കൃഷ്ണ മാരാര്‍, ചിത്രകലാകാരനായ കൃഷ്്ണന്‍ കുട്ടന്‍, സാഹിത്യ രംഗത്തെ നിരഞ്ജനയും പവനും തുടങ്ങി ഒട്ടേറെ പേര്‍ രാജാസില്‍ നിന്നു പഠിച്ചിറങ്ങിയവരാണ്.
1982ല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ചിത്രലേഖയും 2000ത്തിന് ശേഷം പത്തും പതിനൊന്നും റാങ്കുകള്‍ നേടിയ അനുസെബാസ്റ്റ്യനും ശരത്തും രാജാസിലെ വിദ്യാര്‍ഥികളായിരുന്നു. സംസ്ഥാന കലോത്സവങ്ങളില്‍ രാജാസിലെ കുട്ടികളായിരുന്ന കാവ്യാമാധവന്‍, ശ്രീഹരി, മനൂപ് എന്നിവര്‍ കലാതിലകങ്ങളായി. ജില്ലയില്‍ അടുത്തകാലം വരെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് ഇരുത്തിയ സ്ഥാപനമായിരുന്നു രാജാസ്. ഇത് ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തിയിട്ട് കുറച്ച് കാലമേയായുള്ളൂ.
ഇതിനു പുറമെ കായിക കേരളത്തിന് വാഗ്ദാനങ്ങളായ നിരവധി പ്രതിഭകളെയും സ്‌കൂളിലെ കായിക അധ്യാപകനായ ചാത്തുക്കുട്ടി നമ്പ്യാരുടെ ശിക്ഷണത്തില്‍ വളര്‍ത്തിയെടുത്തു. തുടര്‍ച്ചയായി 23വര്‍ഷം ജില്ലാ കായിക പട്ടം രാജാസിനു സ്വന്തമായിരുന്നു. ഫുട്‌ബോള്‍ രംഗത്ത് കണ്ണോത്ത് മാധവന്‍ നമ്പ്യാര്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, എം.ബാലന്‍, കെ.ബാലകൃഷ്ണന്‍, എം.വിജയകുമാര്‍, പട്ടത്തില്‍ രവീന്ദ്രന്‍, ശശികുമാര്‍, അബ്ദുള്‍ അസീസ് കമ്മാടം, ബാസ്‌കറ്റ് ബോള്‍ രംഗത്ത് എം.അശോകന്‍, കെ.എസ്.ഇ.ബി.യുടെ കെ.ഗോപാലകൃഷ്ണന്‍, സുഗീത് നാഥ്, വനിതാ ടീം അംഗങ്ങളായ ബിന്ദു കോറോത്ത്, നീന്തലില്‍ ദേശീയ തലത്തില്‍ ശ്രദ്ധനേടിയ എം.ടി.പി സെയ്ബുദ്ദീന്‍ തുടങ്ങി കായിക രംഗത്ത് ഉന്നതങ്ങളില്‍ വിരാജിക്കുന്നവരുടെ ഒരു നീണ്ടനിര രാജാസിനുണ്ട്.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറിന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."