അന്വേഷണത്തിന് മന്ത്രി നേരിട്ടെത്തി; ഗുരുതര ക്രമക്കേടെന്ന് കണ്ടെത്തല്‍ 26 ലോഡ് റേഷന്‍ ധാന്യങ്ങള്‍ മറിച്ചുവിറ്റ സംഭവം
പൊന്നാനി: പൊന്നാനി താലൂക്ക് സിവില്‍ സപ്ലൈസിന് കീഴിലെ 29 റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യേണ്ട ധാന്യങ്ങള്‍ മറിച്ചുവിറ്റ സംഭവത്തില്‍ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നേരിട്ടെത്തി അന്വേഷണം നടത്തി. സംഭവത്തില്‍ 18 ലോഡ് അരിയും 8 ലോഡ് ഗോതമ്പും മറിച്ച് വിറ്റതായി കണ്ടെത്തി. 5460 ചാക്ക് ധാന്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാതെ മറിച്ച് വിറ്റത് .
വിഷയം സംസ്ഥാനത്ത് തന്നെ ഇതാദ്യമാണെന്നും ഗൗരവമേറിയ ഈ ക്രമക്കേട് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചതായും മന്ത്രി തിലോത്തമന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പ്രാഥമിക അന്വേഷണം പൂര്‍ത്തിയായിക്കഴിഞ്ഞു. കുറ്റക്കാരായ പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അടിയന്തിരമായി സസ്‌പെന്റ് ചെയ്യാനും മന്ത്രി ഉത്തരവിട്ടു. വിഷയത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന ചൊവ്വാഴ്ച്ച തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ക്രമക്കേട് നടത്തിയ അണ്ടത്തോട് സര്‍വീസ് സഹകരണ ബാങ്ക് മേധാവികള്‍ക്കെതിരേ നടപടിയെടുക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസിന് കീഴിലെ 29 റേഷന്‍ കടകളില്‍ വിതരണം ചെയ്യേണ്ട 26 ലോഡ് ധാന്യങ്ങളാണ് അധികൃതര്‍ മറിച്ചുവിറ്റത്. ഒരു ലോഡില്‍ 50 കിലോ തൂക്കം വരുന്ന 210 ചാക്ക് ധാന്യങ്ങളാണുണ്ടാവുക. ഇത്തരത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേടാണ് നടന്നിട്ടുള്ളതന്ന് മന്ത്രിയുടെ നേരിട്ടുള്ള അന്വേഷണത്തില്‍ തന്നെ ബോധ്യമായി .
റേഷന്‍ കണ്‍ട്രോളര്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍, സിവില്‍ സപ്ലൈസ് ഓഫിസര്‍ എന്നിവര്‍ക്കെതിരേയാണ് സസ്‌പെന്‍ഷന്‍ നടപടി. ഇവര്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിന് പുറമെ പൊലിസ് അന്വേഷണവും നടക്കുമെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."