സ്റ്റാന്റുകള്‍ പുന:ക്രമീകരിച്ചതില്‍ അപാകതയെന്ന്; ടാക്സി തൊഴിലാളികള്‍ പ്രതിഷേധത്തില്‍
കൊട്ടാരക്കര: ടൗണിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി അധികൃതര്‍ സ്റ്റാന്റുകള്‍ പുന:ക്രമീകരിച്ചതില്‍ അപാകതയുണ്ടെന്നാരോപിച്ച് ഓട്ടോ ടാക്സി തൊഴിലാളികള്‍ രംഗത്ത്. നടപടിയില്‍ പ്രതിഷേധിച്ച് ഇവര്‍ ഇന്നലെ പണിമുടക്കി. വിവിധ യൂനിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ സംയുക്തമായാണ് പണിമുടക്ക് സമരം ആരംഭിച്ചിട്ടുള്ളത്. കൊട്ടാരക്കര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതലാണ് ടാക്സി സ്റ്റാന്റുകളുടെയും ബസ് സ്റ്റോപ്പുകളുടെയും പുന:ക്രമീകരണവും റോഡിലെ കൈയേറ്റമൊഴിപ്പിക്കലും നടന്നത്.
ഇതില്‍ ടാക്സി വാഹനങ്ങളുടെ സ്റ്റാന്റ് മാറ്റമാണ് വിവാദമായത്. കൊട്ടാരക്കര കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന്റെ മുന്‍വശത്തെ ഓട്ടോ സ്റ്റാന്റ് പകുതിയായി പരിമിതപ്പെടുത്തി.കെ.എന്‍.എസ് ആശുപത്രിക്ക് മുന്‍പിലുണ്ടായിരുന്ന ഓട്ടോ സ്റ്റാന്റ് വിമാലാംബിക സ്കൂളിന് സമീപത്തേക്കും റെയില്‍വേ സ്റ്റേഷന് ജങ്ഷനിലേത് നീലേശ്വരം റോഡിലേക്കും മാറ്റി. ചന്തമുക്കില്‍ ദേശീയ പാതയോരത്തെ ഒട്ടോ സ്റ്റാന്റ് എതിര്‍ഭാഗത്തെ പഴയ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് മുന്‍പിലേക്ക് മാറ്റാനും ഇവിടെ പാര്‍ക്ക് ചെയ്യുന്ന ജീപ്പുകള്‍ ചന്തയ്ക്ക് അകത്ത സ്ഥലത്തേക്കും കാറുകള്‍ പൂര്ണ്ണപ്രകാശ് ഹോട്ടലിന് മുന്നിലേക്കും മാറ്റുവാനായിരുന്നു അധികൃതരുടെ തീരുമാനം. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. അശാസ്ത്രീയവും സ്ഥാപിത ലക്ഷ്യങ്ങള്‍ വച്ചുമാണ് ഈ നീക്കമെന്ന് ടാക്സി തൊഴിലാളികള്‍ ആരോപിച്ചു. പ്രശ്നം പരിഹരിക്കുന്നതുവരെ സമരത്തില്‍ ഉറച്ച് നില്‍ക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."